ന്യായാധിപനെ കൊലപ്പെടുത്തിയ കേസ്: പ്രതിയുടെ വധശിക്ഷ നടപ്പാക്കി സൗദി
ഖത്തീഫ് ഗവർണറേറ്റിന് കീഴിലാണ് ശിക്ഷ
ദമ്മാം: സൗദിയിൽ ന്യായാധിപനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കി. കിഴക്കൻ സൗദിയിലെ ഖത്തീഫ് ഗവർണറേറ്റിന് കീഴിലാണ് ശിക്ഷ. കേസിലെ മുഖ്യ പ്രതികളിലൊരാളായ സൗദി പൗരൻ ജലാൽ ബിൻ ഹസ്സൻ ബിൻ അബ്ദുൽ കരീം ലബ്ബാദിയെയാണ് ഇന്ന് വധശിക്ഷക്ക് വിധേയമാക്കിയത്. പ്രാദേശിക അന്തർദേശീയ ഭീകരവാദ സംഘടനകളുമായി ബന്ധമുള്ളയാളാണ് പ്രതി. കേസിലെ മറ്റ് മൂന്ന് പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം റിയാൽ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.
2016 ഡിസംബറിൽ കിഴക്കൻ സൗദിയിലെ പുരാതന നഗരമായ ഖത്തീഫ് അവാമിയ താറൂത്തിലാണ് കേസിനാസ്പദമായ കുറ്റകൃത്യ അരങ്ങേറിയത്. ഖത്തീഫ് എൻഡോവ്മെന്റ് ആൻഡ് ഇൻഹെറിറ്റൻസ് വകുപ്പിലെ ജഡ്ജിയായിരുന്ന ശൈഖ് മുഹമ്മദ് അൽജിറാനിയെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. ഇതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ വെടിവയ്ക്കുകയും ഗ്രനേഡുകൾ എറിയുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി. തട്ടിക്കൊണ്ടുപോയ ജഡ്ജിയെ പിന്നീട് വെടിവെച്ച് കൊല്ലുകയും ആളൊഴിഞ്ഞ തോട്ടത്തിൽ കുഴിച്ചിടുകയും ചെയ്താതായി അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.
തെളിവുകൾ ശരിവെച്ച വിചാരണ കോടതി വധശിക്ഷ വിധിക്കുകയും ശേഷം അപ്പീൽ കോടതികൾ വിധി ശരിവെക്കുകയും ചെയ്തതോടെയാണ് സൗദി ആഭ്യന്തര മന്ത്രാലയം ശിക്ഷ നടപ്പാക്കിയത്. ഏറെ രാഷ്ട്രീയ ശ്രദ്ധ നേടിയ കേസായിരുന്നു ജഡ്ജിയുടെ കൊലപാതകം. ഭീകരിലൊരാളെ പിടികൂടുന്നതിനിടെ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ വധിക്കപ്പെട്ടിരുന്നു. മുഹമ്മദ് സൽമാൻ അൽഫറാജ്, കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ സഹോദരൻ സൽമാൻ ബിൻ അലി അൽഫറാജ്, മുഹമ്മദ് ഹുസൈൻ അലി അൽഅമ്മർ, മൈതം അലി മുഹമ്മദ് അൽഖുദൈഹി, അലി ബിലാൽ സൗദ് അൽഹമദ് എന്നിവരാണ് മറ്റ് പ്രതികൾ. ഇവരെ കുറിച്ച് വിവരം നൽകുന്നവർക്ക് സുരക്ഷ വിഭാഗം 10 ലക്ഷം റിയാൽ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.