ജോലിയില്ലാതെ റിക്രൂട്ടിംഗ് അനുവദിക്കില്ല; 10 ലക്ഷം റിയാല്‍ വരെ പിഴ ചുമത്താന്‍ സൗദി

സ്‌പോണ്‌സര്‍ക്ക് കീഴില്‍ ജോലിയില്ലെങ്കില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനാണ് മന്ത്രാലയത്തിന്റെ നീക്കം

Update: 2024-03-22 19:30 GMT
Advertising

ജിദ്ദ: ജോലിയില്ലാതെ തൊഴിലാളികളെ വിദേശരാജ്യങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നത് കുറ്റകരമാക്കാന്‍ സൗദി മാനവ വിഭവശേഷി മന്ത്രാലയം നീക്കമാരംഭിച്ചു. ഇത്തരം കുറ്റങ്ങള്‍ക്ക് പത്ത് ലക്ഷം റിയാല്‍ പിഴ ചുമത്തും. ഇതിനാവശ്യമായ ചട്ടങ്ങള്‍ തൊഴില്‍ നിയമങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചു.

സ്‌പോണ്‌സര്‍ക്ക് കീഴില്‍ ജോലിയില്ലെങ്കില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനാണ് മന്ത്രാലയത്തിന്റെ നീക്കം. ഗാര്‍ഹിക തൊഴിലുകള്‍ക്കും മറ്റു പ്രൊഫഷണല്‍ ജോലികള്‍ക്കും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ സ്‌പോണ്‌സര്‍ക്ക് കീഴില്‍ ജോലി ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം അവതരിപ്പിച്ച പുതിയ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു. സ്‌പോണ്‌സര്‍ക്ക് കീഴില്‍ ജോലിയില്ലെങ്കില്‍ തൊഴിലാളികെ റിക്രൂട്ട് ചെയ്യാന്‍ പാടില്ല. അങ്ങിനെ ചെയ്യുന്നത് 2 ലക്ഷം മുതല്‍ 10 ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കുന്ന കുറ്റമാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

അതേസമയം തൊഴിലുടമകള്‍ വിദേശികളാണെങ്കില്‍ നാട് കടത്തുകയും ചെയ്യും. ലൈസന്‍സില്ലാതെ തൊഴില്‍സേവനങ്ങള്‍ നല്‍കുന്നതും കുറ്റകരമാക്കും. ഇത്തരം കുറ്റങ്ങള്‍ക്ക് രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം റിയാല്‍ വരെയാണ് പിഴ ചുമത്തുക. നിയമലംഘകര്‍ വിദേശികളാണെങ്കില്‍ അവരേയും നാട് കടത്തും. കൂടാതെ ഇത്തരം നിയമലംഘകരെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും.

തൊഴില്‍ വിപണിയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം റിക്രൂട്ടിംഗ്, തൊഴില്‍ സേവനങ്ങള്‍ നിയമ വിരുദ്ധമാക്കണമെന്നും അത് തൊഴില്‍ നിയമങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രാലയത്തിന്റെ പുതിയ നിര്‍ദ്ദേശങ്ങളിലുണ്ട്.

Full View
Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News