ടാക്‌സി നിയമ ലംഘനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് സൗദി

യാത്രക്കാരെ വിളിച്ച് കയറ്റുന്നതും തടഞ്ഞു നിർത്തി വിലപേശുന്നതും നിയമലംഘനം

Update: 2025-09-15 17:07 GMT

ദമ്മാം: സൗദിയിൽ ടാക്‌സി നിയമ ലംഘനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് ഗതാഗത മന്ത്രാലയം. യാത്രക്കാരെ വിളിച്ച് കയറ്റുന്നതും തടഞ്ഞു നിർത്തി വിലപേശുന്നതും കടുത്ത നിയമ ലംഘനങ്ങളായി പരിഗണിക്കും. ഇത്തരം നിയമ ലംഘനങ്ങളിൽ 20,000 റിയാലിൽ കുറയാത്ത പിഴയും വാഹനം പിടിച്ചെടുത്ത് പൊതുലേലത്തിൽ വിൽപ്പന നടത്തുന്നതിനും അനുമതി നൽകി മന്ത്രാലയം.

ലൈസൻസില്ലാത്ത ഗതാഗത രീതികൾ തടയുന്നതിന് ലക്ഷ്യമിട്ടാണ് ഗതാഗത മന്ത്രാലയത്തിന്റെ നീക്കം. യാത്രക്കാരെ ക്ഷണിക്കുക, വിളിക്കുക, പിന്തുടരുക എന്നിവയുൾപ്പെടുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പുതിയ റോഡ് ഗതാഗത സംവിധാനത്തിൽ വ്യക്തമായ നിയന്ത്രണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കി. ഇത്തരം നിയമ ലംഘനങ്ങളിൽ 20,000 റിയാൽ പിഴയും വാഹനം പിടിച്ചെടുക്കലിനും വിധേയമാക്കും. വാഹനം പിന്നീട് പൊതുലേലത്തിൽ വിൽപ്പന നടത്തും. ഒപ്പം വിദേശിയാണെങ്കിൽ നാടുകടത്തലിനും വിധേയമാക്കും.

Advertising
Advertising

അതോറിറ്റിയുടെ ഔദ്യോഗിക ലൈസൻസില്ലാതെ യാത്രക്കാരെ ക്ഷണിക്കുക, വിളിക്കുക, പിന്തുടരുക, പാത തടസ്സപ്പെടുത്തുക, യാത്രക്കാരെ ആകർഷിക്കാൻ ഉദ്ദേശിച്ച് അലഞ്ഞുതിരിയുക, യാത്രക്കാരുടെ ഇടങ്ങളിൽ ഒത്തുകൂടുക എന്നിവയുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും നിയമ ലംഘനങ്ങളുടെ പരിധിയിൽ ഉൾപ്പെടുമെന്ന് മന്ത്രാലയം വിശദീകരിച്ചു. തയ്യാറെടുപ്പ് ജോലികൾ നടത്തുന്ന ഇത്തരക്കാർക്കെതിരെ 11,000 റിയാൽ വരെ പിഴയും 25 ദിവത്തേക്ക് വാഹനം കണ്ട് കെട്ടുകയും ചെയ്യും. കര ഗതാഗത മേഖലയെ നിയന്ത്രിക്കുന്നതിനും സുരക്ഷിതവും വിശ്വസനീയവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനും പൊതു സുരക്ഷയ്ക്ക് ഭീഷണിയായ അനിയന്ത്രിതമായ രീതികൾ തടയുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് നടപടികളെന്ന് അതോറിറ്റി വിശദീകരിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News