സൗദിയിലെ പണപ്പെരുപ്പ നിരക്ക് 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

വാടക നിയന്ത്രണവും ഭക്ഷ്യവിലയിലെ കുറവും തുണയായി

Update: 2026-02-15 11:40 GMT
Editor : Thameem CP | By : Web Desk

റിയാദ്: സൗദിയിലെ പണപ്പെരുപ്പ നിരക്കിൽ വൻ കുറവ്. ജനുവരിയിലെ കണക്കുകൾ പ്രകാരം പണപ്പെരുപ്പ നിരക്ക് 1.8 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 11 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഭക്ഷണപദാർത്ഥങ്ങൾ, പാനീയങ്ങൾ എന്നിവയുടെ വിലക്കയറ്റത്തിൽ ഉണ്ടായ കുറവും വീട്ടുവാടകയിലെ നിയന്ത്രണങ്ങളുമാണ് രാജ്യത്തെ സാമ്പത്തിക രംഗത്തിന് ഗുണകരമായത്. ഉപഭോക്തൃ വിലസൂചികയിൽ നിർണായകമായ ഭക്ഷ്യ-പാനീയ മേഖലയിൽ കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് (0.2%) രേഖപ്പെടുത്തിയത്.

റിയാദിലെ വീട്ടുവാടകയിലുണ്ടായ കുറവ് പണപ്പെരുപ്പ നിരക്ക് താഴാൻ പ്രധാന കാരണമായി. കഴിഞ്ഞ 38 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 5.2 ശതമാനത്തിലേക്കാണ് വീട്ടുവാടക എത്തിയത്. റിയാദിലെ റിയൽ എസ്റ്റേറ്റ് മേഖല സുസ്ഥിരമാക്കുന്നതിനായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടപ്പിലാക്കിയ നടപടികൾ ഫലം കണ്ടുതുടങ്ങിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഞ്ച് വർഷത്തേക്ക് റിയാദിൽ വീട്ടുവാടക വർധിപ്പിക്കുന്നത് തടഞ്ഞുകൊണ്ടുള്ള സർക്കാർ ഉത്തരവും വിപണിയിൽ വലിയ മാറ്റമുണ്ടാക്കി. റിയാദിലും ജിദ്ദയിലും നടക്കുന്ന വൻകിട വികസന പദ്ധതികളും വിദേശ തൊഴിലാളികളുടെ വരവും വാടക വർധനവിന് കാരണമായിരുന്നെങ്കിലും സർക്കാരിന്റെ കൃത്യമായ ഇടപെടലുകൾ വിലക്കയറ്റം പിടിച്ചുനിർത്താൻ സഹായിച്ചു.

അന്താരാഷ്ട്ര നാണയ നിധിയുടെ വിലയിരുത്തൽ പ്രകാരം സൗദിയിലെ പണപ്പെരുപ്പം പൂർണമായും നിയന്ത്രണവിധേയമാണ്. വരും മാസങ്ങളിലും പണപ്പെരുപ്പ നിരക്ക് ഏകദേശം 2 ശതമാനത്തിൽ തന്നെ തുടരാനാണ് സാധ്യത.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News