സൗദിയിൽ ഉച്ചവിശ്രമ നിയമം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ
12 മുതൽ മൂന്നു മണിവരെ പുറം ജോലിക്കാർക്ക് വിശ്രമം
ദമ്മാം: സൗദിയിൽ ഉച്ചവിശ്രമ നിയമം ഞായറാഴ്ച മുതൽ പ്രാബല്യത്തിലാകും. ഉച്ചക്ക് പന്ത്രണ്ട് മുതൽ മൂന്ന് മണി വരെ തുറസായ സ്ഥലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ പാടില്ല. രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും നിയമം ബാധകം. ജൂൺ പതിനഞ്ച് മുതൽ സെപ്തംബർ പതിനഞ്ച് വരെയുള്ള മൂന്ന് മാസക്കാലത്തേക്കാണ് നിരോധനം.
രാജ്യത്ത് വേനൽ ചൂട് ശക്തമായ സാഹചര്യത്തിലാണ് നടപടി. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. നേരിട്ട് സൂര്യതാപം ഏൽക്കുന്ന പുറം ജോലികളിൽ ഏർപ്പെടുന്ന ജോലികൾക്ക് വിലക്ക് ബാധകമാകും. ഉച്ചയ്ക്ക് പന്ത്രണ്ട് മുതൽ മൂന്ന് മണിവരെയാണ് വിലക്ക്. ഇത് സംബന്ധിച്ച ഉത്തരവ് രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും നൽകി.
ജൂൺ പതിനഞ്ചിന് ആരംഭിക്കുന്ന നിരോധനം സെപ്തംബർ പതിനഞ്ച് വരെയുള്ള മൂന്ന് മാസക്കാലം തുടരും. ഈ സമയത്ത് തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള സൗകര്യവും കമ്പനികൾ ഒരുക്കണം. അടിയന്തര സ്വഭാവമുള്ള ജോലികൾക്ക് മാത്രമാണ് ഇളവുണ്ടാവുക. ഇതിനായി മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി തേടണം. മാത്രമല്ല അനിവാര്യമായ സാഹചര്യങ്ങളിൽ ജോലി എടുക്കേണ്ടി വരുന്നവർക്ക് വെയിൽ ഏൽക്കില്ലെന്ന് ഉറപ്പാക്കുകയും വേണം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് ഓരോ തൊഴിലാളിക്ക് വീതം എന്നതോതിലാകും പിഴ ഈടാക്കുക. വരും ദിനങ്ങളിൽ രാജ്യത്ത് താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.