സെന്‍സസ് 2022: സൗദിയില്‍ ആദ്യഘട്ടം വേഗത്തില്‍ പൂര്‍ത്തിയാകുന്നു

14,000 ഫീല്‍ഡ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ 11 ദിവസത്തിനുള്ളിലാണ് വിലാസങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്ന ആദ്യ ഘട്ടത്തിന്റെ 35 ശതമാനം പൂര്‍ത്തിയാക്കിയത്

Update: 2022-02-07 13:09 GMT

റിയാദ്: ജനുവരി 26ന് ആരംഭിച്ച സെന്‍സസ് 2022ന്റെ് ആദ്യഘട്ടം ഷെഡ്യൂള്‍ ചെയ്തതിലും നേരത്തെ പൂര്‍ത്തിയാകുന്നതായി സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസല്‍ ബിന്‍ ഫാദല്‍ അല്‍ ഇബ്രാഹിം അറിയിച്ചു. 35 ശതമാനം വിലാസങ്ങളും ഇതിനകം രജിസ്റ്റര്‍ ചെയ്തതാണ് നടപടികല്‍ വേഗത്തിലാക്കാന്‍ സഹായകരമായത്.

14,000 ഫീല്‍ഡ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ 11 ദിവസത്തിനുള്ളിലാണ് വിലാസങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്ന ആദ്യ ഘട്ടത്തിന്റെ 35 ശതമാനം പൂര്‍ത്തിയാക്കിയത്.

30 ദിവസത്തിനുള്ളില്‍ 95 ശതമാനമോ അതില്‍ കൂടുതലോ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും അല്‍ ഇബ്രാഹിം അറബ് അറിയിച്ചു. വളരെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണെങ്കിലും എല്ലാവരുടെയും പിന്തുണയോടെ ലക്ഷ്യം കൈവരിക്കാനാകുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2010 ലാണ് രാജ്യത്ത് അവസാനമായി സെന്‍സസ് നടന്നത്. നിലവില്‍ 14,000 ഫീല്‍ഡ് ഉദ്യോഗസ്ഥരാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. മെയ് മാസത്തോടെ അത് 40,000 ആകും.

Advertising
Advertising

ഉദ്യോഗസ്ഥര്‍ രാജ്യത്ത് ജനവാസമുള്ളതും അല്ലാത്തതുമായ എല്ലാ വീടുകളും രേഖപ്പെടുത്തി സ്മാര്‍ട്ട് സെന്‍സസ് സ്റ്റിക്കറുകള്‍ സ്ഥാപിക്കുന്നുണ്ട്. സ്റ്റിക്കറില്‍ സജ്ജീകരിച്ച ക്യൂ.ആര്‍ കോഡില്‍ വീടിന്റെ കുടുംബനാഥന്റെ വിവരങ്ങള്‍ രേഖപ്പെടുത്തും.

സൗദി സെന്‍സസ്2022 പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഡിജിറ്റല്‍ സെന്‍സസ് ആണെന്നും, രാജ്യം കൈവരിച്ച ആധുനിക ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സൗകര്യങ്ങളാണ് ഇതിന് സഹായകരമാകുന്നതെന്നും മന്ത്രി അറിയിച്ചു. ഇത്തരം സ്മാര്‍ട്ട് സംവിധാനത്തിലൂടെ ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് വീട്ടിലെ ഓരോ അംഗങ്ങളേയും നേരിട്ട് സന്ദര്‍ശിക്കാതെ തന്നെ അതോറിറ്റിയുടെ പ്രത്യേക പോര്‍ട്ടലിലൂടെ ഇലക്ട്രോണിക് രീതിയില്‍ സെന്‍സസ് ഫോം പൂര്‍ത്തിയാക്കാന്‍ സാധിക്കും.

ആഭ്യന്തര, ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങളും സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമുള്‍പ്പെടെ 25 ലധികം സര്‍ക്കാര്‍ ഏജന്‍സികള്‍ സെന്‍സസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. വ്യക്തിഗത സ്വകാര്യതയെ സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ സെന്‍സസിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ അബ്ഷര്‍, തവക്കല്‍ന പോലുള്ള ആപ്ലിക്കേഷനുകളും വലിയ സഹായമാകുന്നതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

ശേഖരിക്കുന്ന വിവരങ്ങള്‍ ഒരു മൂന്നാം കക്ഷിയുമായും പങ്കുവെക്കരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. എല്ലാ പകര്‍ച്ചവ്യാധി നിയന്ത്രണങ്ങളും പ്രോട്ടോക്കോളുകളും കര്‍ശനമായി പാലിച്ചാണ് സെന്‍സസ് വിവരശേഖരണം നടക്കുന്നത്. 2010ല്‍ രാജ്യത്ത് നടന്ന സെന്‍സസില്‍ 27,136,977 ആയിരുന്നു ആകെ ജനസംഖ്യ.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News