Writer - razinabdulazeez
razinab@321
ദമ്മാം: മാതാവിനെ കൊലപ്പെടുത്തിയ സ്വദേശി പൗരന്‍റെ വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. മദീന ഗവര്‍ണറേറ്റിന് കീഴിലാണ് ശിക്ഷ നടപ്പിലാക്കിയത്. മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് സ്വന്തം മാതാവിനെ ഒന്നിലധികം തവണ കുത്തിയാണ് പ്രതി കൊലപ്പെടുത്തിയത്. ശിക്ഷ നിരപരാധികളെ ആക്രമിക്കുകയും, രക്തം ചിന്തുകയും ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
മദീന സ്വദേശി ഖാലിദ് ബിൻ ഖാസിമിനെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. കുറ്റകൃത്യത്തിന്റെ ക്രൂരത കണക്കിലെടുത്താണ് ശിക്ഷയെന്ന് മന്ത്രാലയം വ്യക്തമാക്കി. സൗദി പൗരയായ മദീന ബിൻത് മുസ്ലിം ബിൻ സാലിഹ് അൽ-ബലാദിയെയാണ് മകനായ ഖാലിദ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പിടിയിലായ പ്രതിക്കെതിരെ പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ ശരിവെച്ചാണ് കോടതി വധശിക്ഷ വിധിച്ചത്. കുറ്റകൃത്യം മുന്‍കൂട്ടി ആസൂത്രണം ചെയ്തതായും, മാതാവിനെ പതിയിരുന്ന് ആക്രമിച്ച് വകവരുത്തുകയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. വിധിക്കെതിരെ അപ്പീലുകള്‍ നല്‍കിയിരുന്നെങ്കിലും സുപ്രീം കോടതി ഉള്‍പ്പെടെ ശിക്ഷ ശരിവെക്കുകയായിരുന്നു.