സൗദി സമ്പദ് വ്യവസ്ഥ 2026ല്‍ ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തും

2026 ൽ സമ്പദ്‌വ്യവസ്ഥ 4.5% വളർച്ച കൈവരിക്കുമെന്ന് ലോക ബാങ്കിന്‍റെ പുതിയ പഠന റിപ്പോര്‍ട്ട്

Update: 2025-06-11 16:25 GMT
Editor : razinabdulazeez | By : Web Desk

ദമ്മാം: സൗദി സമ്പദ് വ്യവസ്ഥ ഈ വര്‍ഷത്തേക്കാള്‍ മികച്ച വളര്‍ച്ച അടുത്ത വര്‍ഷം രേഖപ്പെടുത്തുമെന്ന് ലോക ബാങ്കിന്‍റെ അവലോകന റിപ്പോര്‍ട്ട്. ആഭ്യന്തര ഉല്‍പാദന വളര്‍ച്ച അടുത്ത വര്‍ഷം നാലര ശതമാനത്തിലേക്ക് ഉയരും. നടപ്പു സാമ്പത്തിക വര്‍ഷം 2.8 ശതമാനം വളര്‍ച്ചയാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്.

2025 ൽ രാജ്യം 5% വും 2026 ൽ 4.8% ഉം വളർച്ച കൈവരിക്കുമെന്ന ബാങ്കിന്‍റെ തന്നെ മുന്‍ റിപ്പോര്‍ട്ട് തിരുത്തിയാണ് പുതിയ പ്രവചനം. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ യഥാർത്ഥ ജിഡിപി വളർച്ച 2025 ലും 2026 ലും നേരിയ തോതിൽ വളര്‍ച്ച കൈവരിക്കും. 2025 ൽ മൊത്തത്തിലുള്ള ജിഡിപി വളർച്ച 2.6% ല്‍ പരിമിതപ്പെടും. 2025 ഏപ്രിലിനും 2026 സെപ്റ്റംബറിനുമിടയിൽ ഒപെക് പ്ലസ് കൂട്ടായ്മ ആസൂത്രണം ചെയ്യുന്ന എണ്ണ ഉൽപാദനത്തിലെ വര്‍ധനവ് സൗദിയുടെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഗുണം ചെയ്യുമെന്നും ബാങ്ക് വ്യക്തമാക്കുന്നുണ്ട്. സൗദിയുടെ എണ്ണ ഇതര മേഖലകളുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനായുള്ള വൈവിധ്യവൽക്കരണ ശ്രമങ്ങൾ തുടരുകയാണ്. എന്നാല്‍ ആഗോള എണ്ണവിലയിലെ ചാഞ്ചാട്ടം, ആഗോള ഡിമാൻഡിൽ ഉണ്ടാകാൻ സാധ്യതയുള്ള മാന്ദ്യം, ആഗോള സാമ്പത്തിക നയങ്ങളിലെ വർദ്ധിച്ചുവരുന്ന അനിശ്ചിതത്വം എന്നിവ മേഖലയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതായും അവലോകന റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News