ദേശസുരക്ഷക്ക് ഭീഷണിയെന്ന് ഇസ്രായേൽ; സൗദി നേതൃത്വത്തിലുള്ള സംഘം വെസ്റ്റ്ബാങ്ക് യാത്ര മാറ്റി
ദ്വിരാഷ്ട്ര ഫോർമുലയിൽ നാളെ ഫലസ്തീനുമായി ചർച്ച വെച്ചിരുന്നു
റിയാദ്: ദ്വിരാഷ്ട്ര ഫോർമുല ചർച്ചക്കായി സൗദിയുടെ നേതൃത്വത്തിൽ വെസ്റ്റ്ബാങ്കിലേക്ക് നടത്താനിരുന്ന യാത്ര മാറ്റി. യാത്ര ഇസ്രായേൽ തടഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ദേശസുരക്ഷ ചൂണ്ടിക്കാട്ടി യാത്ര ഇസ്രായേൽ തടയാനായൊരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇസ്രയേലിന്റെ നീക്കം ധിക്കാരത്തിന്റെ തെളിവാണെന്ന് ഖത്തർ, ഈജിപ്ത്, ജോർദൻ, തുർക്കി, യുഎഇ സംയുക്ത പ്രസ്താവനയിൽ പറയുന്നു.
ജൂണിൽ ഐക്യരാഷ്ട്ര സഭയിൽ ഫലസ്തീൻ-ഇസ്രായേൽ ദ്വിരാഷ്ട്ര ഫോർമുലക്കായി പ്രത്യേക സമ്മേളനം ചേരുന്നുണ്ട്. സൗദി, ഫ്രാൻസ് രാഷ്ട്രങ്ങൾ സംയുക്തമായാണ് ഈ സമ്മേളനം നടത്തുന്നത്. ഫ്രാൻസ് വേദിയിൽ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫലസ്തീനെ അംഗീകരിക്കാൻ കൂടുതൽ രാഷ്ട്രങ്ങളെ പ്രേരിപ്പിക്കാനും സമ്മേളനം ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി ഫലസ്തീൻ പ്രസിഡണ്ട് മഹ്‌മൂദ് അബ്ബാസുമായി വെസ്റ്റ്ബാങ്കിൽ നാളെ ചർച്ച നടത്താനായിരുന്നു നീക്കം.
സംഘത്തിൽ യൂറോപ്യൻ രാഷ്ട്രങ്ങൾ പങ്കെടുക്കുന്നുണ്ടായിരുന്നില്ല. ഫലസ്തീൻ വിഷയത്തിൽ ഇടപെടുന്ന ഖത്തർ, ഈജിപ്ത്, ജോർദാൻ, യുഎഇ, തുർക്കി എന്നിവരുടെ വിദേശകാര്യ മന്ത്രിമാരാണ് സംഘത്തിലുണ്ടാകുമായിരുന്നത്. ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തിലേക്കുള്ള വഴി അംഗീകരിക്കാനാകില്ലെന്നാണ് വിഷയത്തിൽ ഇസ്രായേലിന്റെ തീവ്രവാദ നിലപാട്. ഗസ്സ യുദ്ധത്തോടെ സൗദിയുൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള ഇസ്രായേൽ നയതന്ത്ര സാധ്യതകളും മങ്ങിയിരുന്നു.