പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം വിലക്കിയ താലിബാന്‍ ഭരണകൂട നീക്കത്തെ എതിര്‍ത്ത് സൗദി
തീരുമാനം പിന്‍വലിക്കുവാനും വിദ്യാർഥിനികളുടെ അവകാശം പുനസ്ഥാപിക്കുവാനും പണ്ഡിത സഭ, അഫഗാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
റിയാദ്: പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം വിലക്കിയ താലിബാന്‍ ഭരണകൂടത്തിന്റെ അവകാശ നിഷേധത്തെ ശക്തമായി എതിര്‍ത്ത് സൗദി ഉന്നത പണ്ഡിത സഭ. തീരുമാനം പിന്‍വലിക്കുവാനും വിദ്യാർഥിനികളുടെ അവകാശം പുനസ്ഥാപിക്കുവാനും പണ്ഡിത സഭ, അഫഗാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സ്ത്രീകള്‍ക്ക് വിദ്യാഭ്യാസ അവകാശം നിഷേധിക്കരുതെന്നും വനിതകള്‍ക്ക് വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്ന തീരുമാനം പിന്‍വലിക്കണമെന്നും സൗദി ഉന്നത പണ്ഡിതസഭ, അഫ്ഗാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സ്ത്രീകളെ വിദ്യാഭ്യാസത്തില്‍നിന്ന് വിലക്കാന്‍ ഇസ്ലാമിക ശരീഅത്ത് അനുവദിക്കുന്നില്ല. ഇസ്ലാമിക ശരീഅത്ത് സ്ത്രീകളുടെ മുഴുവന്‍ നിയമാനുസൃത അവകാശങ്ങളും സംരക്ഷിക്കുന്നുണ്ട്.
ചരിത്രത്തില്‍ ഉടനീളം വിജ്ഞാനത്തിന്റെ ഉറവിടങ്ങള്‍ സ്ത്രീകള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തിന്റെ നവോത്ഥാനത്തിലും അഭിവൃദ്ധിയിലും വികസനത്തിലും പങ്കാളിത്തം വഹിക്കുകയും ചെയ്തവരാണവര്‍. വനിതകള്‍ക്ക് ഇസ്ലാം വകവെച്ചു നല്‍കിയ അവകാശങ്ങളില്‍ ഏറ്റവും പ്രധാനമാണ് വിദ്യാഭ്യാസത്തിനുള്ള അവകാശം. ഇസ്ലാമിക ശരീഅത്ത് വിദ്യയഭ്യസിക്കാന്‍ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും സൗദി ഉന്നത പണ്ഡിതസഭ പറഞ്ഞു.