വ്യോമയാന രംഗത്ത് വമ്പന്‍ പദ്ധതികളുമായി സൗദി; 2030ഓടെ 250 വിമാനത്താവളങ്ങളിലേക്ക് സര്‍വീസ്

ലോജിസ്റ്റിക്‌സ് മേഖലകളെ സമന്വയിപ്പിച്ച് ആഗോള ഹബ്ബാക്കി മാറ്റും.

Update: 2023-10-05 18:06 GMT

ദമ്മാം: വ്യോമയാന രംഗത്ത് സൗദി ലക്ഷ്യമിടുന്നത് വമ്പന്‍ പദ്ധതികള്‍. 2030ഓടെ സൗദിയിലെ വിമാനത്താവളങ്ങളില്‍ നിന്ന് ലോകത്തിലെ 250 വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍. ലോജിസ്റ്റിക്‌സ് മേഖലയിലും സൗദി അഭൂതപൂര്‍വമായ വളര്‍ച്ച നേടുമെന്ന് സിവില്‍ ഏവിയേഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ദുവൈലിജ് പറഞ്ഞു.

രാജ്യത്തെ 29 വിമാനത്താവളങ്ങളിലൂടെയും രണ്ട് ആഗോള കേന്ദ്രങ്ങളിലൂടെയുമാണ് സര്‍വീസുകള്‍ സ്ഥാപിക്കുക. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ സംഘടിപ്പിച്ചു വരുന്ന സൗദി ബ്രസീല്‍ ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍.

ആഗോള ചരക്ക് വിതരണ ശ്യംഖലകളുമായി ബന്ധിപ്പിച്ച് രാജ്യത്തെ ലോകോത്തര ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റും. ഇതിനായി 21 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ലാറ്റിനമേരിക്കന്‍ ലോജിസ്റ്റിക്‌സ് ശൃംഖലയുമായി സഹകരണം ശക്തമാക്കും. പദ്ധതി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായുള്ള സൗദിയുടെ സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്നും കോണ്‍ഫറന്‍സില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News