സൗദിയിൽ മൂന്ന് തൊഴിൽ മേഖലകളിൽ കൂടി ഇന്ന് സ്വദേശിവൽക്കരണം പ്രാബല്യത്തിൽ

ഈ വർഷം സ്വകാര്യ മേഖലയിൽ നിന്ന് 3,78,000 തൊഴിലവസരങ്ങൾ സ്വദേശികൾക്കായി കണ്ടെത്തുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Update: 2021-12-30 17:09 GMT
Advertising

സൗദിയിൽ മൂന്ന് തൊഴിൽ മേഖലകളിൽ കൂടി ഇന്ന് മുതൽ സ്വദേശിവൽക്കരണം പ്രാബല്യത്തിലായി. കസ്റ്റംസ് ക്ലിയറൻസ്, ഡ്രൈവിങ് സ്‌കൂളുകൾ, എൻജിനീയറിങ് സാങ്കേതിക തൊഴിലുകൾ എന്നീ മേഖലകളിലാണ് ഇന്ന് മുതൽ സൗദിവൽക്കരണം പ്രാബല്യത്തിലായത്. ഈ മേഖലകളിലൂടെ സ്വകാര്യ മേഖലയിൽ നിന്ന് 22,000ൽ അധികം തൊഴിലവസരങ്ങൾ സ്വദേശികൾക്കായി കണ്ടെത്തും.

ഈ വർഷം സ്വകാര്യ മേഖലയിൽ നിന്ന് 3,78,000 തൊഴിലവസരങ്ങൾ സ്വദേശികൾക്കായി കണ്ടെത്തുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഇന്ന് മുതൽ മൂന്ന് മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത്. കസ്റ്റംസ് ക്ലിയറൻസ്, ഡ്രൈവിങ് സ്‌കൂളുകൾ, എൻജിനീയറിങ്, സാങ്കേതിക തൊഴിലുകൾ എന്നിവയാണ് ഇന്ന് മുതൽ സൗദിവൽക്കരണം പ്രാബല്യത്തിലാകുന്ന തൊഴിൽ മേഖലകൾ.

ഈ മേഖലയിൽ നിയമിതരാവുന്ന സ്വദേശികളുടെ മിനിമം വേതനം അയ്യായിരം റിയാലിൽ കുറയാൻ പാടില്ലെന്നാണ് വ്യവസ്ഥ. കസ്റ്റംസ് ക്ലിയറൻസ് മേഖലയിൽ നിന്ന് 2000 ത്തിലധികം തൊഴിലവസരങ്ങളും, ഡ്രൈവിങ് സ്‌കൂൾ മേഖലയിൽ നിന്ന് 8000 തൊഴിലവസരങ്ങളും, എൻജിനീയറിങ്, സാങ്കേതിക മേഖലയിൽ നിന്ന് 12,000 തൊഴിലവസരങ്ങളുമാണ് സ്വദേശികൾക്ക് മാത്രമായി പ്രതീക്ഷിക്കുന്നത്. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തരംതിരിച്ച പട്ടികയനുസരിച്ച് എഞ്ചിനീയറിങ്, സാങ്കേതിക പ്രൊഫഷനുകൾ എന്ന ഗണത്തിൽപ്പെടുന്ന എല്ലാ പ്രൊഫഷനുകളിലും സൗദിവൽക്കരണം നടപ്പിലാക്കും. ഈ മേഖലയിൽ അഞ്ചോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്വകാര്യമേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാണ്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News