പരിസ്ഥിതി നിയന്ത്രണങ്ങൾ ലംഘിച്ചു; സൗദിയിൽ ഇന്ത്യക്കാരടക്കം നിരവധി പേർ അറസ്റ്റിൽ

പരിസ്ഥിതി സുരക്ഷാ സേനയാണ് നടപടിയെടുത്തത്

Update: 2025-06-18 16:31 GMT

ജിദ്ദ: സൗദിയിൽ പരിസ്ഥിതി നിയന്ത്രണങ്ങൾ ലംഘിച്ച ഇന്ത്യക്കാരടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തു. പരിസ്ഥിതി സുരക്ഷാ സേനയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 29 പേരെയാണ് പരിസ്ഥിതി സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. കിംഗ് അബ്ദുൽ അസീസ് റോയൽ റിസർവിലെ നിരോധിത പ്രദേശങ്ങളിൽ വേട്ട നടത്തിയതിന് നാല് സൗദി പൗരന്മാരെ പിടികൂടി. മക്കയിൽ അനധികൃതമായി വിറകും കരിയും സൂക്ഷിച്ചതിന് രണ്ട് യമനി പൗരന്മാരെയും അറസ്റ്റ് ചെയ്തു. റിയാദ് മേഖലയിൽ ലൈസൻസ് ഇല്ലാതെ മത്സ്യബന്ധനം നടത്തിയ കുറ്റത്തിന് ഒരു സ്വദേശിയും അറസ്റ്റിലായി.

കാർഷിക മേഖലയിലെ മാലിന്യങ്ങൾ കത്തിക്കൽ, ലൈസൻസ് ഇല്ലാതെ മത്സ്യബന്ധനം, അനധികൃതമായി മരം മുറിക്കൽ തുടങ്ങിയ വിവിധ കുറ്റങ്ങളിലാണ് അറസ്റ്റ്. ഇന്ത്യ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, യമൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികളാണ് അറസ്റ്റിലായത്. പരിസ്ഥിതി സുരക്ഷയ്ക്കായുള്ള പ്രത്യേക സേനയാണ് കുറ്റക്കാരെ പിടികൂടുന്നത്. പരിസ്ഥിതി നിയമലംഘനങ്ങൾ ചെയ്യുന്നവർക്കെതിരെ വൻ തുക പിഴയും ജയിൽവാസവും ശിക്ഷയായി ലഭിക്കും. പരിസ്ഥിതി ലംഘകർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പുനൽകി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News