സൗദിയിൽ പണപ്പെരുപ്പനിരക്കിൽ നേരിയ വർധനവ്

ജൂണിൽ പണപെരുപ്പം 2.3 ശതമാനത്തിലെത്തി

Update: 2025-07-15 17:34 GMT

ദമ്മാം: സൗദിയിൽ പണപ്പെരുപ്പനിരക്കിൽ നേരിയ വർധനവ്. ജൂണിൽ പണപ്പെരുപ്പം 2.3 ശതമാനമായി വർധിച്ചു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകളിലാണ് നേരിയ വർധനവ് രേഖപ്പെടുത്തിയത്. 2025 ജൂണിൽ അവസാനിച്ച കണക്കുകൾ പ്രകാരം രാജ്യത്തെ പണപ്പെരുപ്പനിരക്ക് 2.3 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് സ്ഥിരത നിലനിർത്തി. എന്നാൽ തൊട്ട് മുമ്പത്തെ മാസത്തെ അപേക്ഷിച്ചാണ് വർധനവ്. മാർച്ചിലും ഏപ്രിലിലും നിരക്ക് 2.3 ശതമാനമായിരുന്നെങ്കിലും മേയിൽ 2.2 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു.

അതേസമയം, ഭവന വാടകയിൽ തുടരുന്ന അനിയന്ത്രിത വർധനവ് പോയ മാസത്തിലും അനുഭവപ്പെട്ടു. ജൂണിൽ രാജ്യത്തെ ഭവന വാടക നിരക്ക് 6.5 ശതമാനം വരെ വർധനവ് രേഖപ്പെടുത്തി. ഇതിന് പുറമേ വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റു ഇന്ധനങ്ങൾ എന്നിവയുടെ വിലയിലും വർധനവ് രേഖപ്പെടുത്തി. എന്നാൽ ഗൃഹോപകരണങ്ങൾ, ഫർണിച്ചറുകൾ, റെഡിമെയ്ഡ്‌സ് ആൻറ് ഫൂട്‌വേർ, ഗതാഗതം, ആരോഗ്യം, കമ്മ്യൂണിക്കേഷൻ സേവനങ്ങളിൽ കുറവ് അനുഭവപ്പെട്ടു. പണപ്പെരുപ്പം കൂടിയ നിരക്കിൽ തുടരുന്നുണ്ടെങ്കിലും ജി-20 രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്ക് രേഖപ്പെടുത്തുന്ന ഏക രാജ്യം സൗദിയാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News