തവക്കൽനയുടെ സേവനം ഇനി ലോകത്തെവിടെ നിന്നും; സേവനങ്ങൾ വിപുലപ്പെടുത്തി സൗദി

ആപ്പിൽ 1000ത്തിലധികം സേവനങ്ങൾ

Update: 2025-08-05 16:28 GMT

ദമ്മാം: സൗദിയുടെ ഡിജിറ്റൽ ആപ്പായ തവക്കൽനയുടെ സേവനം ഇനി ലോകത്തെവിടെ നിന്നും ലഭിക്കും. ആയിരത്തോളം സർക്കാർ സേവനങ്ങളാണ് ആപ്ലിക്കേഷൻ വഴി ലഭ്യമാക്കിയിട്ടുള്ളത്. സ്വദേശികളുടെയും വിദേശികളുടെയും ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ എല്ലാ വിവരങ്ങളും ആപ്ലിക്കേഷനിൽ ലഭ്യമാണ്. 3,40,00,000 ഉപയോക്താക്കളാണ് തവക്കൽനക്ക് നിലവിലുള്ളത്.

സൗദി പൗരൻമാർക്കും താമസക്കാർക്കും സന്ദർശകർക്കും ലോകത്തെവിടെ നിന്നും സർക്കാറിന്റെ സേവനങ്ങൾ ഡിജിറ്റലായി നൽകാൻ തവക്കൽനയെ സജ്ജീകരിച്ചതായി സൗദി ഡാറ്റ് ആൻറ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി വ്യക്തമാക്കി. സർക്കാറിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ എളുപ്പത്തിലും സുഗമമായും ലഭിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ വികസനമാണിതെന്നും അതോറിറ്റി വിശദീകരിച്ചു. നിലവിൽ വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും 1,000-ത്തിലധികം സേവനങ്ങളാണ് ആപ്ലിക്കേഷൻ വഴി ലഭ്യമാക്കി വരുന്നത്. സ്വദേശികളുടെയും വിദേശികളുടെയും ഔദ്യോഗിക തിരിച്ചറിയൽ രേഖകളുടെ ഡിജിറ്റൾ കോപ്പികൾ, നാഷണൽ ആഡ്രസ് വിവരങ്ങൾ തുടങ്ങി നിരവധി സേവനങ്ങളാണ് ആപ്ലിക്കേഷനിൽ സജ്ജീകരിച്ചിട്ടുള്ളത്. രാജ്യത്തിന് പുറത്തുനിന്നുള്ള ഉംറ, ഹജ്ജ് തീർഥാടകർക്കിടയിൽ അവബോധം വളർത്തുന്നതിനുള്ള സേവനങ്ങൾ, പുണ്യ നഗരികളിലെ തീർഥാടനവുമായി ബന്ധപ്പെട്ട പെർമിറ്റുകൾ എടുക്കുന്നതിനും ആപ്പിൽ സൗകര്യമുണ്ട്. ഉയർന്ന സാങ്കേതികവിദ്യയും വിശ്വാസ്യതയും ഉറപ്പ് വരുത്തിയാണ് പ്രവർത്തനം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News