ടൂറിസ്റ്റ് വിസകളിൽ വരുന്നവർക്ക് 90 ദിവസത്തിൽ കൂടുതൽ സൗദിയിൽ തങ്ങാൻ അനുവാദമില്ലെന്ന് ടൂറിസ്റ്റ് മന്ത്രാലയം

കാലാവധി കഴിഞ്ഞ ശേഷം തങ്ങുന്ന ഓരോ ദിവസത്തിനും 100 റിയാൽ പിഴയടക്കേണ്ടി വരും

Update: 2023-03-18 18:09 GMT
Advertising

ടൂറിസ്റ്റ് വിസകളിൽ വരുന്നവർക്ക് 90 ദിവസത്തിൽ കൂടുതൽ ദിവസം  സൗദിയിൽ തങ്ങാൻ അനുവാദമില്ലെന്ന് ടൂറിസ്റ്റ് മന്ത്രാലയം അറിയിച്ചു. സന്ദർശക വിസകളെ പോലെ കാലാവധി പുതുക്കാൻ ടൂറിസ്റ്റ് വിസകളിലെത്തുന്നവർക്ക് സാധിക്കില്ല. കാലാവധിക്ക് ശേഷം സൗദിയിൽ  തങ്ങുന്ന ഓരോ ദിവസത്തിനും നൂറ് റിയാൽ തോതിൽ പിഴയടക്കേണ്ടി വരുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

ഒരു വർഷം കാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയിലെത്തുന്നവർക്ക് പരമാവധി 90 ദിവസം വരെ മാത്രമേ സൗദിയിൽതങ്ങാൻ അനുവാദമുള്ളൂ. ഇത് ഒറ്റ തവണയായോ, ഒരു വർഷത്തിനിടെ പല തവണയായോ കഴിയാം. അതായത് ഒരു വർഷം കാലാവധിയുള്ള ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് ആദ്യ തവണ 30 ദിവസം സൗദിയിൽ താമസിച്ചാൽ വീണ്ടും രാജ്യത്തിന് പുറത്ത് പോയി തിരിച്ചെത്തിയാൽ ബാക്കി 60 ദിവസം വരെ മാത്രമേ തങ്ങാൻ സാധിക്കൂ ഇങ്ങിനെ ഒരു വർഷത്തിനിടെ പരമാവധി 90 ദിവസം വരെ സൗദിയിൽ കഴിയാം.

കാലാവധി കഴിഞ്ഞ ശേഷം തങ്ങുന്ന ഓരോ ദിവസത്തിനും 100 റിയാൽ എന്ന തോതിൽ പിഴയടക്കേണ്ടി വരും. തിരിച്ച് പോകുന്ന സമയത്ത് വിമാനത്താവളത്തിൽ വെച്ചാണ് പിഴയടക്കേണ്ടത്. എന്നാൽ ഫാമിലി, ബിസിനസ്സ് വിസിറ്റ് വിസകളിൽ കഴിയുന്നവർക്ക് 90 ദിവസത്തിന് ശേഷം സൌദിക്ക് പുറത്ത് പോയി വിസ കാലാവധി പുതുക്കി വീണ്ടും തിരിച്ച് വരാവുന്നതാണ്. സന്ദർശന വിസകൾക്ക് ലഭിക്കുന്ന കാലാവധി ദീർഘിപ്പിക്കുവാനുള്ള സൌകര്യം ടൂറിസ്റ്റ് വിസകൾക്ക് ലഭിക്കില്ല. ഒരു തവണ ടൂറിസ്റ്റ് വിസയിൽ വന്ന് തിരിച്ച് പോയ ആൾക്ക് വീണ്ടും ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാൻ ആദ്യ വിസയുടെ 90 ദിവസം എന്ന കാലാവധി പൂർത്തിയാകുന്നത് വരെ കാത്തിരിക്കണമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ ഏത് തരം വിസയിൽ എത്തുന്നവർക്കും സൌദിയിലെവിടെയും സഞ്ചരിക്കുവാനും ഹജ്ജ് കാലത്തൊഴികെ ഉംറ ചെയ്യുവാനും മദീന സന്ദർശനത്തിനും അനുവാദമുണ്ടായിരിക്കും.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News