മലയാളി ഹാജിമാരുടെ മടക്കയാത്രയ്ക്ക് തുടക്കമായി
കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമാണ് ഇന്ന് തീർഥാടകർ മടങ്ങിയത്
ജിദ്ദ: പുണ്യഭൂമിയിലെ തീർഥാടനം പൂർത്തിയാക്കി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ മലയാളി ഹാജിമാരുടെ മടക്കയാത്രയ്ക്ക് തുടക്കമായി. കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമുള്ള വിമാനങ്ങളിലാണ് ആദ്യ സംഘം തീർഥാടകർ ഇന്ന് നാട്ടിലേക്ക് മടങ്ങിയത്. മദീന സന്ദർശനം പൂർത്തിയാക്കിയ മലയാളി ഹാജിമാരുടെ ആദ്യ സംഘമാണ് ഇന്ന് മടങ്ങിയത്. പുലർച്ചെ അഞ്ച് മണിയോടെ കോഴിക്കോട്ടേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടു. 173 തീർത്ഥാടകരാണ് ഈ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങിയത്. ഉച്ചയ്ക്ക് ശേഷം 3:55ന് കൊച്ചിയിലേക്കായിരുന്നു രണ്ടാമത്തെ വിമാനം. ഈ വിമാനത്തിൽ 289 തീർഥാടകരാണുണ്ടായിരുന്നത്. കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമായി രാത്രി ഓരോ വിമാനങ്ങൾ കൂടി ഇന്ന് മടങ്ങുന്നുണ്ട്. അടുത്ത മാസം 10 വരെയാണ് മലയാളി ഹാജിമാരുടെ മടക്കയാത്ര തുടരുക.
ഈ വർഷം മുതൽ മക്കയിൽ നിന്നുള്ള തീർഥാടകരെ മദീനയിലെത്തിക്കാൻ ഹറമൈൻ ഹൈസ്പീഡ് ട്രെയിനിലും സൗകര്യമൊരുക്കിയത് വലിയൊരു മാറ്റമാണ്. ഇന്ത്യൻ ഹാജിമാർക്ക് അതിവേഗ ട്രെയിനിലുള്ള ഈ യാത്ര ആദ്യമായാണ്. വെറും രണ്ടര മണിക്കൂറിനുള്ളിൽ മികച്ച സൗകര്യങ്ങളോടെ തീർഥാടകർക്ക് മദീനയിൽ എത്താൻ കഴിയുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത.