രണ്ട് ദിവസത്തെ ഒമാൻ സന്ദർശനം പൂർത്തിയാക്കി സൗദി രാജകുമാരൻ മടങ്ങി

ജി.സി.സി രാജ്യങ്ങൾ സന്ദർശിക്കുന്നതിന്‍റെ ഭാഗമായാണ് സൗദി കിരീടവകാശി ഒമാനില്‍ എത്തിയത്.

Update: 2021-12-07 18:14 GMT
Editor : ijas

രണ്ട് ദിവസത്തെ ഒമാൻ സന്ദർശനം പൂർത്തിയാക്കി സൗദി കിരീട അവകാശി മുഹമ്മദ് ബിൻ സൽമാൻ മടങ്ങി. ഇരുരാജ്യങ്ങളും തമ്മിൽ വിവിധമേഖലയിലുള്ള സഹകരണങ്ങളും ഊഷ്മള ബന്ധങ്ങളും വിപുലപ്പെടുത്തിയാണ് സൗദി രാജകുമാരന്‍റെയും സംഘത്തിന്‍റെയും മടക്കം.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഒമാൻ സിവിൽ ഓർഡർ സുൽത്താൻ ഹൈതം ബിൻ താരിക് സമ്മാനിച്ചു. ഇതിന് ശേഷം നടന്ന കുടിക്കാഴ്ചയിൽ ഇരു രാജ്യങ്ങൾക്കും താത്പര്യമുള്ള പൊതു വിശയങ്ങൾ, ഉഭയകക്ഷി സഹകരണത്തിന്‍റെ വിവിധ വശങ്ങൾ, ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം ഏകീകരിക്കുന്നതിനുള്ള വഴികൾ എന്നിവ ചർച്ച ചെയ്തു. ടൂറിസം, വ്യാപാരം, ഗതാഗതം തുടങ്ങിയ മേഖലകളിൽ ഒമാനും സൗദിയും കൂടുതൽ യോജിച്ച് പോകാൻ ധാരണയായി. സന്ദർശനത്തിന് മുന്നോടിയായി ഒമാനിലെയും സൗദിയിലെയും കമ്പനികൾ തമ്മിൽ നേരത്തെ 13 നിക്ഷേപ കരാറുകളിൽ ഒപ്പുവെച്ചിരുന്നു. ജി.സി.സി രാജ്യങ്ങൾ സന്ദർശിക്കുന്നതിന്‍റെ ഭാഗമായാണ് സൗദി കിരീടവകാശി ഒമാനില്‍ എത്തിയത്.

Advertising
Advertising

സൗദി കിരീട അവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ സന്ദർശനം ഒമാനും സൗദിയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങൾ കൈവരിക്കാൻ സഹായിക്കും. കഴിഞ്ഞ 50 വർഷമായി ഒമാനും സൗദിയും നിരവധി മേഖലകളിൽ ബന്ധം കെട്ടിപ്പടുത്തിട്ടുണ്ട്.

സാമ്പത്തിക, നിക്ഷേപ സഹകരണത്തിന്‍റെ ഒരു പുതിയ ഘട്ടത്തിനാണ് സൗദി കിരീടാവകാശിയുടെ വരവോടെ തുടക്കം കുറിക്കാൻ പോകുന്നത്. നൂതന സാങ്കേതികവിദ്യകൾ, പുനരുപയോഗ ഊർജ പദ്ധതികൾ, വ്യവസായം, ആരോഗ്യം, റിയൽ എസ്റ്റേറ്റ്, ടൂറിസം, പെട്രോകെമിക്കൽ പരിവർത്തന വ്യവസായങ്ങൾ, ലോജിസ്റ്റിക് പങ്കാളിത്തം, വിവര സാങ്കേതികവിദ്യ തുടങ്ങിയവയിൽ സംയുക്ത നിക്ഷേപത്തിൽ ഏർപ്പെടാൻ കഴിഞ്ഞ ജൂലൈയിൽ തന്നെ ഇരുരാജ്യങ്ങളും ധാരണയിലായതായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇരു രാഷ്ട്രങ്ങളും രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, സുരക്ഷ രംഗങ്ങളിൽ ഉന്നതതല ഉഭയകക്ഷി ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്. ഈ ബന്ധങ്ങൾ കൂടുതൽ സമഗ്രവും വളർച്ചയും പ്രാപിക്കുമെന്നാണ് സൗദി കിരീടവകാശിയുടെ വരേവാടെ പ്രതീക്ഷിക്കുന്നത്. 

അതെ സമയം എംപ്റ്റി ക്വാര്‍ട്ടര്‍ മരുഭൂമിയിലൂടെ സൗദിയേയും ഒമാനെയും ബന്ധിപ്പിക്കുന്ന റോഡ് യാത്രക്കായി തുറന്നു. സൗദി കിരീട അവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും റോഡ് തുറന്നതായി പ്രഖ്യാപനം നടത്തിയത്. ഇതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള യാത്രാ സമയം 16 മണിക്കൂർ കുറയുമെന്നാണ് കരുതുന്നത്. മേഖലയിലെ ഏറ്റവും വലിയ മരുഭൂമി ഹൈവേയാണ് തുറന്നത്. പുതിയ റോഡ് വന്നതോടെ വ്യാപാര ചരക്കുകളുടെ തോത് വര്‍ധിപ്പിക്കും. ഇബ്രിയിലെ തനാമില്‍ നിന്നാണ് ഒമാനില്‍ റോഡ് ആരംഭിക്കുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News