റഷ്യ-യുക്രൈൻ യുദ്ധം: സമാധാന ചർച്ചകൾക്കായി യുക്രൈൻ പ്രസിഡണ്ടും യുഎസ് സംഘവും ബുധനാഴ്ച സൗദിയിലെത്തും

സൗദി കിരീടാവകാശിയുമായി വ്‌ളാദ്മിർ സെലൻസ്‌കി കൂടിക്കാഴ്ച നടത്തും

Update: 2025-03-07 15:16 GMT
Editor : Thameem CP | By : Web Desk

റിയാദ്: റഷ്യ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കായി യുക്രൈൻ പ്രസിഡണ്ടും യുഎസ് സംഘവും ബുധനാഴ്ച സൗദിയിലെത്തും. ജിദ്ദയിൽ നടക്കുന്ന ചർച്ചയിൽ സൗദി കിരീടാവകാശിയുമായി വ്‌ളാദ്മിർ സെലൻസ്‌കി കൂടിക്കാഴ്ച നടത്തും. സമാധാന കരാറിലേക്ക് നീങ്ങിയാൽ ഒന്നര മാസത്തിനകം സൗദിയിലെത്തുമെന്ന് യുഎസ് പ്രസിഡണ്ടും അറിയിച്ചു.

യുക്രൈനുള്ള ഇന്റലിജൻസ്, യുദ്ധ സഹായം നിർത്തിയതിന് പിന്നാലെയാണ് സൗദിയിൽ സമാധാന ചർച്ചക്ക് വഴിയൊരുങ്ങുന്നത്. റിയാദിലോ ജിദ്ദയിലോ ആകും ചർച്ചയെന്ന് യുഎസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു. യുക്രൈൻ പ്രസിഡണ്ട് വ്‌ലാദ്മിർ സെലൻസ്‌കിയും ചർച്ചക്കായി എത്തും. കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി അദ്ദേഹം മടങ്ങും. ശേഷം ഇദ്ദേഹത്തിന്റെ സംഘവും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലുള്ള സംഘവും പിന്നീട് സൗദിയിൽ ചർച്ച തുടരും. ഒരു മാസത്തിനകം യുദ്ധം അവസാനിപ്പിക്കാനുള്ള വഴിയൊരുക്കുകയാണ് ലക്ഷ്യം.

റഷ്യയുമായും യുഎസുമായും മികച്ച ബന്ധമുള്ള സൗദി മധ്യസ്ഥ ശ്രമം നടത്താമെന്ന് അറിയിക്കുകയായിരുന്നു. സമാധാനത്തിലേക്ക് വഴിയൊരുങ്ങിയാൽ പ്രഖ്യാപനത്തിനായി യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് സൗദിയിലെത്തും. ഒന്നരമാസത്തിനകം സൗദിയിലെത്തുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. മറ്റൊരു വഴിയില്ലാത്തതിനാൽ യുക്രൈൻ ഈ കരാറിൽ ഒപ്പുവെക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. യുക്രൈനും യുഎസും തമ്മിലുള്ള ധാതു ഖനന കരാറും സൗദിയിൽ വെച്ച് ഒപ്പുവെക്കുമെന്ന് റിപ്പോർട്ടുണ്ട്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News