ഉംറ തീർഥാടകർക്ക് യാത്ര മുടങ്ങിയതായി പരാതി

സൌദിയിലെ ഏത് വിമാനത്താവളം വഴിയും തീർഥാടകർക്ക് യാത്ര ചെയ്യാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നു.

Update: 2022-08-24 19:26 GMT

ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്കല്ലാതെ ടിക്കറ്റെടുത്ത ഉംറ തീർഥാടകർക്ക് യാത്ര മുടങ്ങിയതായി പരാതി.പുതിയ ഉംറ സീസണിൽ സൌദിയിലെ ഏത് വിമാനത്താവളം വഴിയും തീർഥാടകർക്ക് യാത്ര ചെയ്യാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നു.

എന്നാൽ ഇതനുസരിച്ച് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനിൽ നിന്നും വിമാന കമ്പനികൾക്ക് അറിയിപ്പ് ലഭിക്കാത്തതാണ് യാത്ര പ്രതിസന്ധിക്ക് കാരണം. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിരവധി പ്രത്യകതകളോടെയാണ് ഈ വർഷത്തെ ഉംറ സീസണ് ആരംഭിച്ചത്. അതിൽ വളരെ പ്രധാനപ്പെട്ടതായിരുന്നു തീർഥാടകർക്ക് രാജ്യത്തെ ഏത് വിമാനത്താവളം വഴിയും സൌദിയിലേക്ക് വരാനും തിരിച്ച് പോകാനും അനുമതി നൽകി കൊണ്ടുള്ള ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെ അറിയിപ്പ്.

Advertising
Advertising

മുൻ വർഷങ്ങളിൽ ഉംറ തീർഥാടകർക്ക് ജിദ്ദ, മദീന വിമാനത്താവളങ്ങൾ വഴി മാത്രമേ യാത്ര ചെയ്യാൻ അനുവാദമുണ്ടായിരുന്നുള്ളൂ. ഉംറ വിസക്കാർക്ക് മൂന്ന് മാസം വരെ രാജ്യത്ത് എവിടെയും തങ്ങാനും യാത്ര ചെയ്യാനും അനുമതി നൽകിയതും പുതിയ ഉംറ സീസണിലെ പ്രത്യേകതയാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ റിയാദ്, ദമ്മാം തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് ടിക്കറ്റെടുത്ത തീർഥാകരെ യാത്ര ചെയ്യാൻ വിമാന കമ്പനികൾ അനുവദിച്ചില്ലെന്ന് നിരവധി പേർ പരാതിപ്പെട്ടു.

ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്ക് ടിക്കറ്റ് മാറ്റിയെടുത്ത ശേഷമാണ് ഇവർക്ക് യാത്ര തുടരാനായത്. ഏത് വിമാനത്താവളങ്ങളിലേക്കും യാത്ര ചെയ്യാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നുവെങ്കിലും, അതിനനുസൃതമായി സിവിൽ ഏവിയേഷൻ അതോറിറ്റി വിമാന കമ്പനികൾക്ക് അറിയിപ്പ് നൽകാത്തതാണ് യാത്ര പ്രതിസന്ധിക്ക് കാരണം. സിവിൽ ഏവേയേഷൻ അതോറിറ്റിയിൽ നിന്നുള്ള അറിയിപ്പ് ലഭിക്കുന്ന മുറക്ക് പുതിയ മാറ്റം പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് വിമാന കമ്പനികൾ വ്യക്തമാക്കി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News