ഖത്തറിൽനിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യക്കാരുടെ ബസ് നിയന്ത്രണംവിട്ട് അപകടം; 6 പേർ മരിച്ചു, 27 പേര്‍ക്ക് പരിക്ക്
സംഘത്തില്‍ മലയാളികളുണ്ടെന്നാണ് വിവരം
ദോഹ: മലയാളികൾ ഉൾപ്പെടുന്ന വിനോദയാത്രാ സംഘം കെനിയയിൽ അപകടത്തിൽപെട്ട് ആറു പേർ മരിച്ചു. ഖത്തറിൽ നിന്ന് വിനോദയാത്രക്കെത്തിയ സംഘം സഞ്ചരിച്ച വാഹനം വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ച് നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞും ഉൾപ്പെടെ ആറ് പേർ മരിച്ചതായി കെനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ നെയ്റോബിയിലെ ആശുപത്രിയിലേക്ക് മാറ്റും.
മലയാളികളും കർണാടക സ്വദേശികളും ഗോവൻ സ്വദേശികളും സംഘത്തിലുണ്ട്. മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമല്ല. മരിച്ച രണ്ടുപേർ സ്വദേശികൾ ആണെന്നാണ് വിവരം. പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും മരത്തിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.