പാകിസ്താന്റെ വ്യോമപാത വിലക്ക് സർവീസുകളെ ബാധിക്കുമെന്ന് എയർഇന്ത്യ

ഗൾഫ് സർവീസുകൾ രണ്ട് മണിക്കൂർ വൈകും

Update: 2025-04-24 17:37 GMT
Editor : razinabdulazeez | By : Web Desk

ദുബൈ: പാകിസ്താൻ ഇന്ത്യൻ വിമാനകമ്പനികൾക്ക് വ്യോമപാത വിലക്കിയ നടപടി വിമാനസർവീസുകളെ ബാധിക്കുമെന്ന് എയർ ഇന്ത്യ. ഗൾഫിലേക്ക് ഉൾപ്പെടെയുള്ള സർവീസുകൾക്ക് ബദൽ മാർഗങ്ങൾ സ്വീകരിക്കേണ്ടി വരുന്നതിനാൽ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്ന് എയർ ഇന്ത്യ യാത്രക്കാരെ അറിയിച്ചു.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് ഇന്ത്യൻ വിമാനകമ്പനികൾക്ക് പാകിസ്താൻ വ്യോമപാത നിഷേധിച്ചത്. മിഡിലീസ്റ്റ്, യു.കെ, യൂറോപ്പ്, നോർത്ത് അമേരിക്ക സർവീസുകൾക്ക് ബദൽ മാർഗങ്ങൾ സ്വീകരിക്കേണ്ടി വരുന്നതിനാൽ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്നാണ് എയർ ഇന്ത്യയുടെ അറിയിപ്പ്. ഇതുമൂലം യാത്രക്കാർക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾക്ക് എയർ ഇന്ത്യ ഖേദം അറിയിച്ചു. ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് ഡൽഹി, മുംബൈ, ബംഗളൂരു വിമാനത്താവളങ്ങളിലേക്ക് നേരിട്ട് നടത്തുന്ന വിമാന സർവീസുകൾക്ക് പാകിസ്താനി വ്യോമപാതയെയാണ് ആശ്രയിക്കുന്നത്. ബദൽമാർഗം സ്വീകരിക്കുമ്പോൾ രണ്ട് മണിക്കൂറെങ്കിലും അധികം യാത്രാസമയം നീളുമെന്നാണ് റിപ്പോർട്ടുകൾ. എയർ ഇന്ത്യക്ക് പുറമേ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങി യു.എ.ഇയിലേക്ക് സർവീസ് നടത്തുന്ന മറ്റ് ഇന്ത്യൻ വിമാനകമ്പനികളുടെ സർവീസുകളെയും ഇത് ബാധിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയിലേക്കും, തിരിച്ചും പറക്കുന്ന യു.എ.ഇ വിമാനകമ്പനികളെ ഇത് ബാധിക്കില്ലെങ്കിലും സാഹചര്യം പഠിച്ചു വരികയാണെന്ന് വ്യോമയാന വൃത്തങ്ങളെ ഉദ്ധരിച്ച് യു.എ.ഇ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News