ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം കഴിഞ്ഞദിവസം ദുബൈയിൽ സംസ്‌കരിച്ചിരുന്നു
ഷാർജ: യുഎഇയിലെ ഷാർജയിൽ മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ രാത്രി 11 ന് തിരുവനന്തപുരത്ത് എത്തിക്കും. വിപഞ്ചികയുടെ അമ്മയും സഹോദരനുമടക്കം ബന്ധുക്കൾ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
വിപഞ്ചികയുടെ ഒന്നരവയസുള്ള മകൾ വൈഭവിയുടെ മൃതദേഹം കഴിഞ്ഞദിവസം ദുബൈയിൽ സംസ്‌കരിച്ചിരുന്നു. ദുബൈ ന്യൂ സോനാപൂരിലാണ് മൃതദേഹം സംസ്‌കരിച്ചിരുന്നത്. ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലോടെയാണ് കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ തന്നെ സംസ്‌കരിക്കാൻ കുടുംബം സമ്മതം അറിയിച്ചത്. വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കോൺസുലേറ്റിൽ നടന്ന മധ്യസ്ഥത ചർച്ചയിൽ തീരുമാനമായെന്ന് അഭിഭാഷകർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.