അഞ്ച് മക്കളിൽ നാലുപേരും പോയി; അബൂദബി വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ ഖബറടക്കം ഇന്ന്

സ്‌കൂൾ തുറന്നെങ്കിലും ഈ നാല് സീറ്റുകളിൽ ഇനി ആളില്ല

Update: 2026-01-06 11:44 GMT

അബൂദബി: ശൈത്യകാല അവധിക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു യുഎഇയിൽ സ്‌കൂൾ തുറന്നത്. എന്നാൽ ഇത് കാത്തുനിൽക്കാതെ മലപ്പുറം കിഴിശ്ശേരി പുളിയക്കോട് മലയൻ സ്വദേശി അബ്ദുൽ ലത്തീഫിന്റെ നാലു മക്കളും സ്‌കൂൾ ബാഗോ പുസ്തകമോ വേണ്ടാത്ത ലോകത്തേക്ക് യാത്രയായിരുന്നു. അബ്ദുൽ ലത്തീഫിന്റെയും വടകര കുന്നുമ്മക്കരയിലെ റുക്‌സാനയുടെയും അഞ്ച് മക്കളിൽ നാല് പേരാണ് അബൂദബിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ നഷ്ടപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ അസ്സാം (7) കഴിഞ്ഞ ദിവസമാണ് മരിച്ചത്. അസ്സാമിന്റെ മൂന്ന് സഹോദരങ്ങളും നേരത്തെ അപകടത്തിൽ മരിച്ചിരുന്നു. ലത്തീഫിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷ്റയുമാണ് മരിച്ചിരുന്നത്. റുക്‌സാനയും മകളും ആശുപത്രിയിൽ ചികിത്സയിലാണ്.

Advertising
Advertising

ഏഴംഗങ്ങളുള്ള കുടുംബം ഒരു നിമിഷം കൊണ്ടാണ് തകർന്നുപോയത്. സഹോദരിയെയും ഉമ്മയെയും ഉപ്പയെയും തനിച്ചാക്കി നാല് മക്കൾ അവസാന യാത്ര പോയി, തങ്ങളെ സ്‌നേഹം കൊണ്ട് പരിചരിച്ച ബുഷ്‌റയും ഒപ്പം കൂടി. ബുഷ്‌റയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവവന്നു ഖബറടക്കി. കുട്ടികളുടെ നമസ്‌കാരവും ഖബറടക്കവും ദുബൈ സോനാപൂരിലെ മസ്ജിദിൽ നടക്കും. കൂടുതൽ ബന്ധുക്കൾക്ക് എത്താൻ കഴിയാത്തത് ചടങ്ങുകളിൽ ഒരു മുടക്കവും വരുത്തില്ല. 17 വർഷമായി യുഎഇയിൽ കഴിയുന്ന ലത്തീഫിന്റെ സൗഹൃദവലയം താങ്ങായെത്തും. കുടുംബത്തിൽ ശേഷിക്കുന്നവർക്കായി കരങ്ങളുയർത്തി പ്രാർഥിക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News