ഈജിപ്തില്‍ ചികിത്സയില്‍ കഴിയുന്ന ഫലസ്തീനികള്‍ക്ക് വൈദ്യസഹായം കൈമാറി ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്

അബുദാബിയില്‍ നിന്ന് പ്രത്യേക വിമാനം വഴി ഈജിപ്തിലെ അല്‍-അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മെഡിക്കല്‍ സാമഗ്രികള്‍ ഈജിപ്ത് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അബ്ദുല്‍ ഗഫാറും ഉദ്യോഗസ്ഥരും ഏറ്റുവാങ്ങി

Update: 2024-03-15 15:25 GMT
Advertising

അബൂദബി: ഈജിപ്തില്‍ ചികിത്സയില്‍ കഴിയുന്ന ഫലസ്തീനികള്‍ക്ക് രണ്ട് ദശലക്ഷം ദിര്‍ഹത്തിന്റെ വൈദ്യസഹായം കൈമാറി അബൂദബി കേന്ദ്രമായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്. ഗസ്സയില്‍ പരിക്കേറ്റവര്‍ക്ക് റഫ അതിര്‍ത്തിയില്‍ ഒരുക്കിയ വൈദ്യകേന്ദ്രത്തില്‍ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

അബുദാബിയില്‍ നിന്ന് പ്രത്യേക വിമാനം വഴി ഈജിപ്തിലെ അല്‍-അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മെഡിക്കല്‍ സാമഗ്രികള്‍ ഈജിപ്ത് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അബ്ദുല്‍ ഗഫാറും ഉദ്യോഗസ്ഥരും ഏറ്റുവാങ്ങി.

ട്രോമ ആന്‍ഡ് എമര്‍ജന്‍സി, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, ഗുരുതര ശസ്ത്രക്രിയകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍, അനസ്‌തേഷ്യ മെഷീനുകള്‍, എക്‌സ്-റേ മെഷീനുകള്‍, ഓപ്പറേറ്റിംഗ് ടേബിളുകള്‍, ബൈപാപ്പുകള്‍, പോര്‍ട്ടബിള്‍ വെന്റിലേറ്ററുകള്‍, ഡയഗ്‌നോസ്റ്റിക് സെറ്റുകള്‍ എന്നിവ ഉപകരണങ്ങളില്‍ ഉള്‍പ്പെടും. ഗസ്സയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൂടുതല്‍ വൈദ്യസഹായം ലഭ്യമാക്കുമെന്ന് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് മേധാവി ഡോ. ഷംസീര്‍ വയലില്‍ പറഞ്ഞു.

സഹായ ഉപകരണങ്ങള്‍ക്കു പുറമെ അല്‍-അരിഷ് ഹോസ്പിറ്റലില്‍ സുഖം പ്രാപിക്കുന്ന ഗസ്സയിലെ കുട്ടികള്‍ക്ക് ആശ്വാസം പകരാന്‍ വിനോദ മേഖലയും ഒരുക്കി. പ്രത്യേകം രൂപകല്‍പ്പന ചെയ്ത വീഡിയോ ഗെയിം സോണും കളിപ്പാട്ടങ്ങളും മറ്റു വിനോദോപാധികളും ഉള്‍പ്പെടുന്നതാണ് കേന്ദ്രം. ഈജിപ്റ്റ് ആരോഗ്യമന്ത്രി അടക്കം നിരവധി മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും ആശുപത്രിയിലെ കുട്ടികള്‍ക്കായുള്ള മേഖല സന്ദര്‍ശിച്ചു.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News