ദുബൈ റൈഡിൽ പങ്കെടുത്ത് ആയിരങ്ങൾ; സൈക്കിൾ ട്രാക്കായി ശൈഖ് സായിദ് റോഡ്
രാവിലെ 3 മുതൽ റൈഡ് നടക്കുന്ന റോഡുകൾ അടച്ചിട്ടു
ദുബൈ: ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടക്കുന്ന ആറാമത് ദുബൈ റൈഡിൽ പങ്കെടുത്ത് ആയിരങ്ങൾ. സൈക്കിൾ പ്രേമികളുടെയും പ്രൊഫഷണലുകളുടെയും പങ്കാളിത്തത്തോടെ ഇവന്റ് നടക്കുന്ന ശൈഖ് സായിദ് റോഡ് ഭീമൻ സൈക്കിൾ ട്രാക്കായി. യുക്രെയിൻകാരിയായ ഒരു വയസ്സുള്ള ഡയാന മുതൽ 61 വയസ്സുള്ള ഇന്ത്യക്കാരൻ വരെ പ്രായഭേദമന്യേ രാജ്യത്തിനകത്തും പുറത്തുമുള്ള ആയിരങ്ങളാണ് സൈക്കിൾ ചവിട്ടാനെത്തിയത്.
രാവിലെ 3 മുതൽ റൈഡ് നടക്കുന്ന റോഡുകൾ അടച്ചിട്ടു. 4 മുതൽ സൈക്ലിസ്റ്റുകൾ ഇവന്റിനായി എത്തിത്തുടങ്ങി. റൈഡർമാർക്ക് കൃത്യ സമയത്ത് എത്തിച്ചേരുന്നതിനായി ദുബൈ മെട്രോ നേരത്തെ പ്രവർത്തനമാരംഭിച്ചിരുന്നു. മേഖലയിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സൈക്ലിങ് ഇവന്റായ ദുബൈ റൈഡിൽ പങ്കെടുക്കുന്നവർക്ക് ദുബൈയുടെ പ്രശസ്തമായ ലാൻഡ്‌മാർക്കുകളും അനുഭവിക്കാം.
സൂര്യോദയത്തോടെ ആരംഭിച്ച റൈഡിൽ ദുബൈ പൊലീസിന്റെ അകമ്പടിയോടെ തലബാത്ത് ഡെലിവറി റൈഡർമാരാണ് മുന്നിൽ നിലയുറപ്പിച്ചത്. പതിവായെത്തുന്നവരും ആദ്യമായി പങ്കെടുക്കുന്നവും ഒരേ ആവേശത്തിൽ പെഡൽ ചവിട്ടി.
അമച്വർ, പ്രൊഫഷണൽ സൈക്ലിസ്റ്റുകൾ ഞായറാഴ്ച 5ന് ശേഷം ശൈഖ് സായിദ് റോഡ് സ്പീഡ് ലാപ്സിനായി തയ്യാറെടുത്തു. ഹെൽമെറ്റും പ്രൊട്ടക്ടീവ് ഗിയറും ധരിച്ച് റൈഡർമാർ ദുബൈ വേൾഡ് ട്രേഡ് സെന്ററിനടുത്തുള്ള സ്റ്റാർട്ടിംഗ് പോയിന്റിൽ നിന്ന് ബാച്ചുകളായി പുറപ്പെട്ടു. 12 കിലോമീറ്റർ റൂട്ടിന്റെ എത്ര ലാപ്സ് വേണമെങ്കിലും പൂർത്തിയാക്കാൻ 5:45 വരെയാണ് സമയം ലഭിച്ചത്. ആഗ്രഹമുള്ളവർക്ക് റോഡിന്റെ ഏതെങ്കിലും സ്റ്റാർട്ടിംഗ് പോയിന്റിലേക്ക് മടങ്ങി വന്ന് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം ലെഷർ റൈഡിന് ചേരാം. അത് 6:15നാണ് ആരംഭിച്ചത്.
30 കിലോമീറ്റർ/മണിക്കൂർ ശരാശരി വേഗതയുള്ള പരിചയസമ്പന്ന സൈക്ലിസ്റ്റുകൾക്ക് റൈഡിന്റെ ഔദ്യോഗിക ആരംഭത്തിന് മുമ്പ് ദുബൈ സ്കൈലൈനിനടിയിലൂടെ കടന്നുപോകാൻ കഴിഞ്ഞ വർഷമാണ് ആദ്യമായി അവസരം നൽകിയത്. റോഡ് ബൈക്കുകളുള്ളവരും പെലോട്ടണിൽ സൈക്ലിംഗ് അറിയുന്നവർക്കും മാത്രമേ ഈ റൗണ്ടിൽ പങ്കെടുക്കാൻ സാധിക്കൂ.
6:15ന് ആരംഭിച്ച അമച്വർ സൈക്ലിസ്റ്റുകൾക്ക് രണ്ട് പ്രധാന റൂട്ടുകൾ തിരഞ്ഞെടുക്കാം. പരിചയസമ്പന്ന സൈക്ലിസ്റ്റുകൾക്കുള്ള 12 കിലോമീറ്റർ ശൈഖ് സായിദ് റോഡ് റൂട്ട്, കുട്ടികൾക്കും മറ്റു റൈഡർമാർക്കും അനുയോജ്യമായ പരന്ന 4 കിലോമീറ്റർ ഡൗൺടൗൺ ഫാമിലി റൂട്ടായ ദുബൈ മാളിനും ദുബൈ ഓപ്പറയ്ക്കും ബുർജ് ഖലീഫയ്ക്കും ചുറ്റുമുള്ള ലൂപ്പ് എന്നിവയാണത്.
ശൈഖ് സായിദ് റോഡ് റൂട്ടിൽ ഒന്നിലധികം സ്റ്റാർട്ട് ഗേറ്റുകളും ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ് റൂട്ടിൽ ഒരു സ്റ്റാർട്ട് ഗേറ്റുമുണ്ട്. റൈഡുകൾ സുഗമമാക്കുന്നതിനായി 10 മണി വരെയാണ് റോഡുകൾ അടച്ചിട്ടത്.