സ്‌കൂൾ, സൂപ്പർമാർക്കറ്റ്, ഗെയിം റൂം; ഗസ്സയിൽനിന്നെത്തിയവർക്ക് അഭയമൊരുക്കി അബൂദബിയിൽ ഒരു നഗരം

ഗസ്സയിൽ നിന്നെത്തിയവർക്ക് സംതൃപ്തവും ഗുണനിലവാരമുള്ളതുമായ ജീവിതത്തിന് ആവശ്യമായ എല്ലാ അവശ്യ സൗകര്യങ്ങളും നൽകി ഹ്യൂമാനിറ്റേറിയൻ സിറ്റി ചെറിയ നഗരം പോലെയാണ് നിലകൊള്ളുന്നത്

Update: 2024-04-16 06:22 GMT
Advertising

അബൂദബി മുസഫ്ഫയിലെ ഹൗസിംഗ് കോംപ്ലക്‌സാണ് എമിറേറ്റ്‌സ് ഹ്യൂമാനിറ്റേറിയൻ സിറ്റി. പ്രതിസന്ധിയും സംഘർഷവും മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്നവർക്ക് അഭയമേകാൻ യു.എ.ഇ ഭരണകൂടം നടത്തുന്ന കേന്ദ്രം. 2022ൽ അഫ്ഗാൻ അഭയാർത്ഥികൾക്ക് തണലേകിയിരുന്ന ഈ കേന്ദ്രത്തിൽ ഇപ്പോൾ ഗസ്സയിൽ നിന്നുള്ള ആയിരക്കണക്കിന് പേരാണ് കഴിയുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ആരംഭിച്ച ഗാലന്റ് നൈറ്റ് 3 ഇനിഷ്യേറ്റീവിലൂടെയാണ് ഇവർക്ക് അഭയം ലഭിക്കുന്നത്.

 

ഗസ്സയിൽ നിന്നെത്തിയവർക്ക് സംതൃപ്തവും ഗുണനിലവാരമുള്ളതുമായ ജീവിതത്തിന് ആവശ്യമായ എല്ലാ അവശ്യ സൗകര്യങ്ങളും നൽകി ഹ്യൂമാനിറ്റേറിയൻ കോംപ്ലക്‌സ് ചെറിയ നഗരം പോലെയാണ് നിലകൊള്ളുന്നത്. ആശുപത്രികൾ, സ്‌കൂളുകൾ, നഴ്‌സറികൾ, വിനോദ കേന്ദ്രങ്ങൾ, ഗെയിം സോണുകൾ, ഫീൽഡ് ട്രിപ്പുകൾ, ഇവന്റുകൾ, കുടുംബ സന്ദർശന മുറികൾ, മറ്റ് സേവനങ്ങൾ എന്നിവയൊക്കെ കേന്ദ്രം ഒരുക്കിയിട്ടുണ്ട്.

 

പരിക്കേറ്റ പല ഗസ്സക്കാർക്കും അവരുടെ ബന്ധുക്കൾക്കും ചികിത്സയ്ക്കായി യു.എ.ഇയിലേക്ക് വരുന്നത്‌ പോയിട്ട് അതിർത്തി വിടുന്നത് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. 'എമിറാത്തി പ്രതിനിധി സംഘത്തിൽ നിന്നുള്ള ആളുകൾ ഞങ്ങളുടെ അടുത്ത് വന്ന് യു.എ.ഇയിൽ ചികിത്സ തുടരാൻ നിങ്ങൾ തയ്യാറാണോ എന്ന് ചോദിച്ചപ്പോൾ ഞാൻ ഷിഫ ആശുപത്രിയിൽ ആയിരുന്നു; ഇത് ഏതാണ്ട് ഒരു സ്വപ്നം പോലെയായിരുന്നു!' പരിക്കേറ്റ മകളെ അനുഗമിച്ചെത്തിയ മാതാവ് സഹർ ജമാലിന്റെ വാക്കുകൾ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

 

'യു.എ.ഇയിലേക്ക് വരുന്ന വാർത്ത നേരത്തെ ഞെട്ടലുണ്ടാക്കി; ഇപ്പോൾ ഞാൻ ഇവിടെയുണ്ട്, എന്നത്തേക്കാളും ഞാൻ നന്ദിയുള്ളവനാണ്' പരിക്കേറ്റ മകനെ അനുഗമിച്ച് വന്ന മറ്റൊരു മാതാവ് ജമാലത്ത് ഹഫീസ് പറഞ്ഞു.

 

ഗസ്സയിൽനിന്ന് നഗരത്തിലെത്തിയ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം ലിവ എഡ്യുക്കേഷനും വിദ്യാഭ്യാസ മന്ത്രാലയത്തിനുമാണ്. എത്രകാലം ഇവർ ഇവിടെ താമസിക്കുമെന്നറിയില്ലെങ്കിലും ഫലസ്തീനികളുടെ വിദ്യാഭ്യാസം ഉയർന്ന നിലവാരത്തിലും സർട്ടിഫിക്കേഷനിലും തുടരുമെന്ന് ഹ്യൂമാനിറ്റേറിയൻ സിറ്റിയിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

 

 

 

തമൂഹ് ഹെൽത്ത്കെയറിന്റെ സോമേറിയൻ ഹെൽത്തിന്റെ പങ്കാളിത്തത്തോടെ, അബൂദബിയിലെ ആരോഗ്യ വകുപ്പാണ് പരിക്കേറ്റ എല്ലാവർക്കും ആരോഗ്യ-ചികിത്സാ സഹായം നൽകുന്നത്. ദന്തചികിത്സ, സൈക്യാട്രി, പീഡിയാട്രിക്‌സ് യൂണിറ്റുകൾ, ജനറൽ പ്രാക്ടീഷണർമാർ എന്നീ സൗകര്യങ്ങളാണ് ആശുപത്രിയിൽ ലഭ്യമാക്കുന്നത്.

 

'ഞങ്ങൾക്ക് ലഭിക്കുന്ന കേസുകളിൽ കൂടുതലും ട്രോമയും ക്യാൻസറുമാണ്; പൊതുവേ, ഞങ്ങൾ രോഗ നിർണയം നടത്തുന്നു, എന്നാൽ ഞങ്ങൾക്ക് ഇവിടെ ചികിത്സ നൽകാൻ കഴിയുന്നില്ലെങ്കിൽ അവരെ എമിറേറ്റിലെ പ്രത്യേക ആശുപത്രികളിലേക്ക് മാറ്റുന്നു' നഗരത്തിലെ ഡോക്ടറായ സാലിഹ് പറഞ്ഞു.

 

ഡോ. സാലിഹ്

ഓരോ രോഗിയുടെയും അവരുടെ കൂട്ടാളികളുടെയും വീട്ടുവാതിൽക്കൽ ഭക്ഷണം ലഭിക്കുന്നു. പ്രത്യേക ആവശ്യങ്ങൾക്കായി അടുക്കളയും സമുച്ചയത്തിലുണ്ട്. പലചരക്ക് സാധനങ്ങൾ നൽകുന്ന സ്‌റ്റോറും പ്രവർത്തിക്കുന്നു.

 

'ചികിത്സയ്ക്കും അങ്ങേയറ്റത്തെ ഔദാര്യത്തിനും ഞങ്ങൾ യുഎഇയോട് നന്ദി പറയുന്നു, ഞങ്ങൾ കുടുംബത്തെ വിളിക്കുമ്പോൾ, ഹ്യൂമാനിറ്റേറിയൻ സിറ്റിയിലെ ജീവിതം സ്വർഗത്തിൽ ജീവിക്കുന്നതുപോലെയാണെന്നാണ് അവരോട് പറയുക'ഫെദ മഹമൂദ് പറഞ്ഞു.

 

 

ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ മരണസംഖ്യ ദിനംപ്രതി ഉയരുമ്പോൾ, അവിടെ നിന്നെത്തിയവർ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. തന്നോട് കാണിച്ച കാരുണ്യത്തിന് താൻ നന്ദിയുള്ളവനാണെങ്കിലും, താനും മറ്റുള്ളവരും ഗസ്സയിലെ കുടുംബങ്ങളെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അബ്ദുറഹ്‌മാൻ അൽകുർദി പറഞ്ഞു. ഈ ഉത്കണ്ഠ അവരുടെ ഊർജ്ജം ചോർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

അബ്ദുറഹ്‌മാൻ അൽകുർദി

എന്നാൽ ദൈനംദിന പരിപാടികൾ, കുടുംബ സന്ദർശനങ്ങൾ, ഫീൽഡ് ട്രിപ്പുകൾ, ദിവസേനയുള്ള മാനസിക ചികിത്സ എന്നിവ സംഘടിപ്പിച്ച് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നാണ് ദി ഹ്യൂമാനിറ്റേറിയൻ സിറ്റിയിലെ ഉദ്യോഗസ്ഥർ പറയുന്നതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ടിൽ പറഞ്ഞു.

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട്: ഖലീജ് ടൈംസ്

Emirates Humanitarian City, a housing complex in Musafa, Abu Dhabi, for Palestinians evacuated from Gaza

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News