ഇത്തിഹാദ് റെയിൽവേ ശൃംഖല 'ഡോർ ടു ഡോർ' യാത്രയൊരുക്കും; ബസും, ടാക്‌സികളും ശൃംഖലയുടെ ഭാഗമാകും
മറ്റ് പൊതുഗതാഗത സംവിധാനങ്ങളുമായി സഹകരിച്ചാണ് യാത്രയുടെ തുടക്കം മുതൽ ലക്ഷ്യത്തിൽ എത്തുന്നത് വരെയുള്ള സേവനം ഉറപ്പാക്കുക.
ദുബൈ: യുഎഇ ദേശീയ റെയിൽവേ ശൃംഖലയായ ഇത്തിഹാദ് റെയിൽവേ യാത്രക്കാർക്ക് 'ഡോർ ടു ഡോർ' സേവനം ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. മറ്റ് പൊതുഗതാഗത സംവിധാനങ്ങളുമായി സഹകരിച്ചാണ് യാത്രയുടെ തുടക്കം മുതൽ ലക്ഷ്യത്തിൽ എത്തുന്നത് വരെയുള്ള സേവനം ഉറപ്പാക്കുക.
സ്റ്റേഷനിൽനിന്ന് സ്റ്റേഷനിലേക്കുള്ള യാത്രക്ക് പുറമെ പുറപ്പെടുന്നത് വീട്ടിലേക്ക് ആയാലും, തൊഴിലിടങ്ങളിലേക്ക് ആയാലും ഇനി വിനോദകേന്ദ്രത്തിലേക്ക് ആയാലും യാത്രികൻ സുഗമമായി ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നു എന്ന് ഉറപ്പാക്കുന്ന ഡോർ ടു ഡോർ സംവിധാനമാണ് ഇത്തിഹാദ് റെയിൽ ലക്ഷ്യമിടുന്നതെന്ന് ഇത്തിഹാദ് റെയിൽ പാസഞ്ചർ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് അൽ മുസവ അൽഹാഷിമിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബസുകൾ, ട്രാം, ടാക്‌സികൾ, സ്റ്റേഷനുകളിൽ വാഹനം നിർത്തിയിട്ട് യാത്ര തുടരാനാവുന്ന പാർക്ക് ആൻഡ് റൈഡ് സംവിധാനങ്ങൾ എന്നിവ വഴിയാണ് ഈ സൗകര്യമൊരുക്കുക.
അബൂദബി - സൗദി അതിർത്തിയിലെ അൽ സില മുതൽ ഫുജൈറ വരെയുള്ള യുഎഇയിലെ 11 നഗരങ്ങളെയാണ് ഇത്തിഹാദ് നെറ്റ് വർക്ക് ബന്ധിപ്പിക്കുന്നത്. അൽ റുവൈസ്, അൽ മിർഫ, ദുബൈ, ഷാർജ, ദൈദ് എന്നിവയല്ലാം ഇതിലുൾപ്പെടും. 2030 ൽ ഇത്തിഹാദ് റെയിൽ സർവീസ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവിയിൽ ഇത്തിഹാദ് ശൃംഖല വിപലുമാക്കാനും ലക്ഷ്യമുണ്ട്. 400 യാത്രക്കാർക്കാണ് ഒരു ട്രെയിനിൽ യാത്ര ചെയ്യാനാവുക. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത കൈവരിക്കുന്ന ട്രെയിനിൽ അമ്പത് മിനിറ്റുകൊണ്ട് അബൂദബിയിൽ നിന്ന് ദുബൈയിലെത്താം. 100 മിനിറ്റ് കൊണ്ട് ഫുജൈറയിലുമെത്താം. ഭാവിയിൽ ജിസിസി റെയിൽവേ ശൃംഖലയുടെകൂടി ഭാഗമായി ഇത്തിഹാദ് മാറും. ഇതോടെ സൗദി, ഒമാൻ ഉൾപ്പെടെ അയൽ രാജ്യങ്ങളിലേക്കും ട്രെയിൻ യാത്ര സാധ്യമാകുമെന്നാണ് കണക്കുകൂട്ടൽ.