Writer - razinabdulazeez
razinab@321
ഷാർജ: അൽഹംറിയ്യ തുറമുഖത്തെ വെയർഹൗസിലുണ്ടായ തീപിടിത്തം പൂർണമായി അണച്ചെന്ന് ഷാർജ സിവിൽ ഡിഫൻസ്. ഒരു ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. തീപിടിത്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
ശനിയാഴ്ച രാവിലെ ആറേ പത്തിനാണ് അൽ ഹംറിയയിലെ ഇന്ധന സംഭരണശാലയിൽ തീപിടിത്തമുണ്ടായത്. ഞായറാഴ്ച വൈകിട്ടു വരെ നീണ്ട രക്ഷാദൗത്യത്തിൽ ഷാർജ സിവിൽ ഡിഫൻസിനൊപ്പം പൊലീസും നാഷണൽ ഗാർഡും സംയുക്ത വ്യോമ കമാൻഡും പങ്കാളികളായി. തുറമുഖ അതോറിറ്റിയുമായുള്ള ഏകോപനം വഴി തീ മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനുമായി. സംഭവത്തിൽ ആർക്കും പരിക്കില്ല.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായി ഫോറൻസിക്-ലബോറട്ടറി വകുപ്പുകളിലെ സാങ്കേതിക വിദഗ്ധർ അടങ്ങിയ സംഘത്തിന് രൂപം നൽകിയതായി ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ പറഞ്ഞു. ബന്ധപ്പെട്ട ഏജൻസികളുമായി സഹകരിച്ച് നഷ്ടങ്ങളുടെ കണക്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
എമിറേറ്റിലെ വ്യാവസായിക മേഖലകളിൽ അടുത്തിടെയുണ്ടായ ഏറ്റവും വലിയ തീപിടിത്തമാണ് അൽ ഹംറിയയിലേത് എന്നാണ് കരുതപ്പെടുന്നത്. പെട്രോകെമിക്കൽ ഉത്പന്നങ്ങൾ സൂക്ഷിച്ച സ്ഥലത്ത് തീ പടർന്നതു കൊണ്ടു തന്നെ വലിയ അളവിൽ പുക ആകാശത്തേക്ക് പടർന്നിരുന്നു. എന്നാൽ സമയോചിത ഇടപെടൽ മൂലം തീ അതിവേഗത്തിൽ നിയന്ത്രണ വിധേയമാക്കാൻ അധികൃതർക്ക് സാധിച്ചു.