ട്രക്കുകൾ നിർത്തിയിടാൻ ദുബൈയിൽ ഹൈടെക് സൗകര്യം; ഡ്രൈവർമാർക്ക് വിശ്രമകേന്ദ്രം
ട്രക്കുകൾക്ക് പുറമെ, ഭാരമേറിയ മറ്റു വാഹനങ്ങൾക്കും കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കും
ദുബൈ: ട്രക്കുകൾ നിർത്തിയിടാൻ ഇനി ദുബൈയിൽ ഹൈടെക് സൗകര്യം. 500 ട്രക്കുകളെ ഉൾകൊള്ളുന്ന 22,6000 സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള സൗകര്യമാണ് ഇതിനായി ഒരുക്കുക. സ്വകാര്യമേഖലയുമായി സഹകരിച്ചാണ്പദ്ധതി.
ട്രക്കുകൾക്കായി മൂന്ന് കൂറ്റൻ വിശ്രമകേന്ദ്രങ്ങളാകും നിർമിക്കുക. ഇതിനായി റോഡ്ഗതാഗത അതോറിറ്റി, അഡ്നോക്, അൽ മുതകാമില എന്നിവയുമായി കരാറിലെത്തി.അബൂദബി നാഷണൽ ഓയിൽ കമ്പനിയായ അഡ്നോക്കിന് ഒരു കേന്ദ്രം നിർമിക്കാനുള്ള കരാറും വാഹന പരിശോധന, രജിസ്ട്രേഷൻ വിഭാഗമായ അൽ മുതകാമിലക്ക് രണ്ട് കരാറുകളുമാണ്നൽകിയത്. ട്രക്കുകൾക്ക് പുറമെ, ഭാരമേറിയ മറ്റു വാഹനങ്ങൾക്കും കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കും.
ഡ്രൈവർമാർക്ക് താമസ സൗകര്യം, അറ്റകുറ്റ പണികൾക്ക് വർക്ഷോപ്പ്, റസ്റ്ററന്‍റുകൾ, അഡ്മിനിസ്ട്രേറ്റിവ് കെട്ടിടം, പ്രാർഥനാ മുറികൾ, ഡ്രൈവർമാർക്ക് പരിശീലന കേന്ദ്രം, ക്ലിനിക്ക്, ഫാർമസി, എക്സ്ചേഞ്ച് ഷോപ്പുകൾ, ലോൺട്രി എന്നിങ്ങനെ വിവിധ സൗകര്യങ്ങൾ കേന്ദ്രങ്ങളിൽ ഒരുക്കും. ഡ്രൈവർമാരുടെ സുരക്ഷിതത്വവും സൗകര്യവും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് ആർ.ടി.എ പദ്ധതി നടപ്പിലാക്കുന്നത്.