40 ലക്ഷവും കടന്ന് യുഎഇയിലെ ഇന്ത്യൻ ജനസംഖ്യ; പകുതിയിലേറെ പേരും ദുബൈ എമിറേറ്റിൽ

ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റേതാണ് കണക്കുകൾ.

Update: 2025-05-17 17:26 GMT
Editor : Thameem CP | By : Web Desk

ദുബൈ: യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ ജനസംഖ്യ നാല്പത് ലക്ഷം പിന്നിട്ടു. പത്തു വർഷത്തിനിടെ രണ്ടു മടങ്ങ് വർധനയാണ് പ്രവാസി ജനസംഖ്യയിലുണ്ടായത്. ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റേതാണ് കണക്കുകൾ. തൊഴിൽ തേടി യുഎഇയിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം സർവകാല റെക്കോർഡിലാണ് എന്നാണ് കോൺസുലേറ്റ് പറയുന്നത്. ഏറ്റവും പുതിയ കണക്കു പ്രകാരം 43.6 ലക്ഷം ഇന്ത്യക്കാരാണ് യുഎഇയിൽ താമസിക്കുന്നത്. ദുബൈയിൽ നടന്ന ഇന്ത്യ - യുഎഇ കോൺക്ലേവിൽ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനാണ് പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട സ്ഥിതി വിവരക്കണക്കുകൾ പങ്കുവച്ചത്.

Advertising
Advertising

2023 ഡിസംബറിൽ 38.9 ലക്ഷമായിരുന്നു യുഎഇയിലെ ഇന്ത്യക്കാരുടെ എണ്ണം. അടുത്ത ഒരു വർഷത്തിനുള്ളിൽ ഇത് 43.6 ലക്ഷത്തിലെത്തി. പത്തു വർഷം മുമ്പ് ഇത് 22 ലക്ഷം മാത്രമായിരുന്നു. കണ്ണുചിമ്മുന്ന വേഗത്തിലാണ് യുഎഇയിലെ ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയിലെ ഇന്ത്യക്കാരിൽ പകുതിയിലേറെ പേരും താമസിക്കുന്നത് ദുബൈ എമിറേറ്റിലാണ്.

യുഎഇയിലെ ഏറ്റവും വലിയ വിദേശസമൂഹമാണ് ഇന്ത്യയുടേത്. ഇന്ത്യക്കാരുടെ വരവ് ദുബൈ അടക്കമുള്ള എമിറേറ്റുകളിലെ പ്രവാസി നിക്ഷേപവും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പതിനഞ്ചു ബില്യൺ ദിർഹമാണ് ദുബൈയിലെ ഇന്ത്യൻ കമ്പനികളുടെ നിക്ഷേപം. കഴിഞ്ഞ വർഷം മാത്രം ദുബൈ വരവേറ്റത് 16,623 ഇന്ത്യൻ കമ്പനികളെയാണ്. ദുബൈയിൽ ബിസിനസ് ചെയ്യുന്ന ഇന്ത്യൻ സ്ഥാപനങ്ങളുടെ എണ്ണം എഴുപതിനായിരത്തിലേറെയാണ്. 2023ലെ കണക്കു പ്രകാരം ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള എണ്ണയിതര വ്യാപാരം 54.2 ബില്യൺ ഡോളറാണ്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News