Writer - razinabdulazeez
razinab@321
ദുബൈ: മലയാളി താരം സി.പി.റിസ്‌വാന്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. യു.എ.ഇ ദേശീയ ടീം ക്യാപ്റ്റനായിരുന്ന റിസ്‌വാന്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ മലയാളിയാണ്.
കേരളത്തിന് വേണ്ടി അണ്ടർ 19, രഞ്ജിട്രോഫി മത്സരങ്ങൾ കളിച്ചാണ് തലശ്ശേരി സ്വദേശിയായ റിസ്‌വാന്‍ റൗഫ് ക്രിക്കറ്റിൽ സജീവമായത്. എഞ്ചിനീയറിങ് പഠനത്തിന് ശേഷം 2014 ൽ യു.എ.ഇയിലേക്ക് വിമാനം കയറിയ റിസ്‌വാന്‍ പ്രവാസലോകത്തും ജോലിക്കൊപ്പം ക്രിക്കറ്റിനെയും കൂടെ നിർത്തി. 2019 ലാണ് യു.എ.ഇ ദേശീയ ടീമിന്റെ ഭാഗമാകുന്നത്. 2021 ജനുവരിയിൽ അയർലണ്ടിനെതിരെ നേടിയ 109 റൺസാണ് റിസ്‌വാനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളിയാക്കിയത്.
2022 ൽ താരം യു.എ.ഇ ദേശീയ ടി20 ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ മുംബൈ ഇന്ത്യൻസിന്റെ യു.എ.ഇ പതിപ്പായ എം.ഐ. എമിറേറ്റ്സിന്റെ താരമാണ്. മുപ്പത്തിയേഴാം വയസിലാണ് റിസ്‌വാന്‍ റിട്ടയർമെന്റ് പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നത്.