അഭിവൃദ്ധി സൂചിക; അറബ് രാജ്യങ്ങളില്‍ ഒന്നാമത് യുഎഇ

2020ല്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങളുടെയും ജനങ്ങള്‍ക്കിടയിലെ ഉപയോഗത്തിന്റേയും കാര്യത്തില്‍ യുഎഇ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്തെത്തിയിരുന്നു

Update: 2021-12-22 13:01 GMT

അബുദാബി: ബ്രിട്ടീഷ് ലെഗാറ്റം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ 2021 ലെ അഭിവൃദ്ധി സൂചിക (ഗ്ലോബല്‍ പ്രോസ്പെരിറ്റി ഇന്‍ഡക്സ്) യിലെ കണക്കുകള്‍ പ്രകാരം അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് യുഎഇ.

സാമ്പത്തിക വളര്‍ച്ച, ജീവിതനിലവാരം, ആരോഗ്യം, വിദ്യാഭ്യാസം, വ്യക്തിഗത ക്ഷേമം എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് വര്‍ഷാവര്‍ഷം പ്രോസ്‌പെരിറ്റി ഇന്‍ഡക്‌സ് എന്ന പേരില്‍ ഈ റാങ്കിങ് സംവിധാനം സംഘടിപ്പിക്കുന്നത്.

സമൂഹങ്ങളുടെ നവീകരണവും അഭിവൃദ്ധിയും ലക്ഷ്യമിട്ട് രാജ്യങ്ങള്‍ നടത്തുന്ന സാമ്പത്തിക, ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലെ ശക്തിയും ബലഹീനതയും ഉയര്‍ത്തിക്കാട്ടുക എന്നതാണ് സൂചികയുടെ ലക്ഷ്യം.

Advertising
Advertising

167 രാജ്യങ്ങളിലെ ജനങ്ങളുടെ സമഗ്രമായ നിലവാരം, നിക്ഷേപ അന്തരീക്ഷം, തുറന്ന സമ്പദ്വ്യവസ്ഥ, ജനങ്ങളുടെ ജീവിത, ആരോഗ്യ, വിദ്യാഭ്യാസ സാഹചര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന മേഖലകളെ അടിസ്ഥാനമാക്കിയാണ് പ്രകടന സൂചിക അളക്കുന്നത്.

സൂചികയില്‍ അറബ് ലോകത്ത് യുഎഇ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് തൊട്ടുപിറകിലുള്ളത്. ആഗോളതലത്തില്‍, ഏറ്റവും സമ്പന്നമായ രാജ്യങ്ങളുടെ പട്ടികയില്‍ ഡെന്മാര്‍ക്ക് ഒന്നാം സ്ഥാനത്തെത്തി. നോര്‍വ, സ്വീഡന്‍, ഫിന്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് അടുത്ത റാങ്കുകളില്‍ വരുന്നത്.

കഴിഞ്ഞ വര്‍ഷം, ലോകത്തെ വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് വ്യാപനവും ഉപയോഗവും നിരീക്ഷിക്കുന്ന യുഎസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ട് പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം, 2020ല്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങളുടെയും ജനങ്ങള്‍ക്കിടയിലെ ഉപയോഗത്തിന്റേയും കാര്യത്തില്‍ യുഎഇ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. 100% ഉപയോഗമെന്ന അതുല്യ നേട്ടമവുമായാണ് യുഎഇ പട്ടികയില്‍ ഒന്നാമതെത്തിയത്.

99.65% ഉപയോഗ നിരക്കുമായി ഖത്തറാണ് രണ്ടാം സ്ഥാനത്തെത്തിയത്, യൂറോപ്പിലെ ഒരു കൊച്ചുരാഷ്ട്രമായ ലിച്ചെന്‍സ്‌റ്റൈന്‍ 99.55% എന്ന നിരക്കില്‍ മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍, 99.54% നിരക്കോടെ ബഹ്റൈന്‍ നാലാം സ്ഥാനത്തും 99%ത്തോടെ ഐസ്ലന്‍ഡ് അഞ്ചാം സ്ഥാനത്തുമെത്തി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News