Writer - razinabdulazeez
razinab@321
ദുബൈ: യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് മൂന്നുദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. മാർച്ച് ഒന്നിനാണ് യു.എ.ഇയിൽ റമദാൻ വ്രതം ആരംഭിച്ചത്. മാർച്ച് 29 ന് മാസപ്പിറവി ദൃശ്യമായാൽ മാർച്ച് 30 ഞായറാഴ്ചയാകും പെരുന്നാൾ ദിനമായ ശവ്വാൽ ഒന്ന്. അതോടെ മാർച്ച് 30, 31 തിയതികളും ഏപ്രിൽ ഒന്നും യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. എന്നാൽ, മാർച്ച് 30 ന് മുപ്പത് നോമ്പും പൂർത്തിയാക്കിയാണ് പെരുന്നാൾ വരുന്നതെങ്കിൽ, മാർച്ച് 31, ഏപ്രിൽ ഒന്ന്, രണ്ട് എന്നീ ദിവസങ്ങളിലാകും അവധി ലഭിക്കുക. റമദാൻ 29 ന് മാസപ്പിറവി ദൃശ്യമായാൽ യു.എ.ഇയിലെ വാരാന്ത്യ അവധി ദിവസമായ ഞായറാഴ്ചയാകും പെരുന്നാളിന്റെ ആദ്യ അവധി. എന്നാൽ, മാർച്ച് 30 പിന്നിട്ടാണ് പെരുന്നാൾ ദിനം കടന്നുവരുന്നതെങ്കിൽ രണ്ട് വാരാന്ത്യ അവധിയടക്കം അഞ്ചുദിവസം തുടർച്ചയായി സർക്കാർ ജീവനക്കാർക്ക് അവധി ലഭിക്കും. ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് വെള്ളി കൂടി വാരാന്ത്യ അവധിയായതിനാൽ ആറ് ദിവസം അവധിയുണ്ടാകും.