ദുബൈയിൽ തൊഴിലാളികൾക്കായി 'യു.എ.ഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റൽ' വരുന്നു

മൂന്ന് മലയാളി വ്യവസായികൾ പദ്ധതിയിൽ സഹകരിക്കും

Update: 2025-04-10 16:34 GMT

ദുബൈ: ദുബൈയിൽ ബ്ലൂകോളർ തൊഴിലാളികൾക്കായി 'യു.എ.ഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റൽ' വരുന്നു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്റെ ഇന്ത്യ സന്ദർശനത്തിനിടെ ആശുപത്രി നിർമിക്കാൻ ധാരണാപത്രം ഒപ്പിട്ടു. മലയാളികളടക്കം അഞ്ച് വ്യവസായ സംരംഭകരുടെ സഹകരണത്തോടെയാണ് ആശുപത്രി യാഥാർഥ്യമാക്കുക. ഇതടക്കം ശ്രദ്ധേയമായ നിരവധി പദ്ധതികൾക്ക് ശൈഖ് ഹംദാന്റെ ഇന്ത്യ സന്ദർശനത്തിൽ തുടക്കമായി.

മലയാളി വ്യവസായികളായ ഫൈസൽ കോട്ടികൊള്ളൻ, സിദ്ധാർഥ് ബാലചന്ദ്രൻ, രമേശ് രാമകൃഷ്ണൻ എന്നിവർക്ക് പുറമേ, താരിഖ് ചൗഹാൻ, നിലേഷ് വേദ് എന്നീ അഞ്ച് വ്യവസായികളാണ് യു.എ.ഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റലിനായി കൈകോർക്കുന്നത്.

Advertising
Advertising

ആശുപത്രി യാഥാർഥ്യമാക്കാൻ ദുബൈ ഹെൽത്ത് സി.ഇ.ഒ അമർ ശരീഫ് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ലാഭം ലക്ഷ്യമാക്കാതെ തൊഴിലാളികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാകും ദുബൈയിലെ ഈ ആശുപത്രി പ്രവർത്തിക്കുക. ബംഗളൂരുവിൽ ദുബൈ ചേംബറിന്റെ പുതിയ ഓഫീസ് തുറക്കാനും ശൈഖ് ഹംദാന്റെ സന്ദർശത്തിൽ തീരുമാനമായി. മുംബൈയിൽ നിലവിലുള്ള ഓഫീസിന് പുറമേയാണിത്. മുംബൈയിലെ നവഷേന ബിസിനസ് പാർക്കിൽ ഡി.പി. വേൾഡിന്റെ ഫ്രീട്രേഡ് വെയർഹൗസ് സോണിന്റെ ഉദ്ഘാടനവും ശൈഖ് ഹംദാൻ നിർവഹിച്ചു. പത്ത് ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ഈ വെയർഹൗസിങ് സോൺ പ്രവർത്തിക്കുക. ഇന്ത്യൻ തീരത്ത് 735 മില്യൺ ദിർഹം ചെലവിൽ മൂന്ന് വെയർഹൗസിങ് സോണുകളാണ് ഡി.പി. വേൾഡ് വികസിപ്പിക്കുന്നത്. നിർണായക മേഖലകളിൽ എട്ട് കരാറുകൾ ഇന്ത്യയുമായി ഒപ്പിട്ടതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.

ഇന്ത്യൻ സർവകലാശാലകളിൽ പഠിക്കുന്ന ഇമാറാത്തി വിദ്യാർഥികളുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തി. തനിക്ക് നൽകിയ ഊഷ്മളമായ വരവേൽപിന് ശൈഖ് ഹംദാൻ ഇന്ത്യൻ ജനതക്കും സർക്കാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിച്ചു. അബൂദബി മുതൽ ന്യൂഡൽഹി വരെയും ദുബൈ മുതൽ മുംബൈ വരേയും സൗഹൃദത്തിന്റെയും സഹകരണത്തിന്റേയും ഈടുറ്റ പാലമാണ് തങ്ങൾ നിർമിക്കുന്നതെന്ന് ശൈഖ് ഹംദാൻ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News