സംഘർഷങ്ങൾക്കിടെ യുഎഇ പ്രസിഡണ്ട് ജോർദാനിൽ

ജോർദാനിൽ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം നടത്തിയ രാഷ്ട്രങ്ങളിലൊന്നാണ് യുഎഇ

Update: 2024-10-06 17:09 GMT

ദുബൈ: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ ജോർദാനിലെത്തി യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ. അമ്മാനിൽ വിമാനമിറങ്ങിയ ശൈഖ് മുഹമ്മദിനെ ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ സ്വീകരിച്ചു. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദം പുതുക്കലും തന്ത്രപ്രധാന പങ്കാളിത്തം ചർച്ച ചെയ്യലുമാണ് സന്ദർശന ലക്ഷ്യം. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങൾക്കൊപ്പം മേഖലയിലെ രാഷ്ട്രീയ പ്രശ്നങ്ങളും ജോർദാൻ നേതൃത്വവുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകും. അമ്മാനിലെ മർക വിമാനത്താവളത്തിൽ രാജാവും കിരീടാവകാശിയും ചേർന്നാണ് ശൈഖ് മുഹമ്മദിനെ സ്വീകരിച്ചത്.

Advertising
Advertising

അബൂദബി ഉപഭരണാധികാരി ശൈഖ് ഹസ്സ ബിൻ സായിദ് ആൽ നഹ്‌യാൻ, പ്രസിഡന്റ്ഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ, പ്രസിഡന്റ്ഷ്യൽ കോർട്ട് ഉപദേശകൻ ശൈഖ് മുഹമ്മദ് ബിൻ ഹമദ്, നാഷണൽ സെക്യൂരിറ്റി സുപ്രിം കൗൺസിൽ സെക്രട്ടറി ജനറൽ അലി ബിൻ ഹമദ് അൽ ഷംസി തുടങ്ങി ഉന്നതതല സംഘവും പ്രസിഡണ്ടിനെ അനുഗമിക്കുന്നുണ്ട്.

അറബ് ലോകത്ത് യുഎഇയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ് ജോർദാൻ. അറബ് രാഷ്ട്രങ്ങളുമായുള്ള യുഎഇയുടെ എണ്ണയിതര വ്യാപാരത്തിന്റെ എട്ടു ശതമാനവും ജോർദാനിലേക്കാണ്. ജോർദാനിൽ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം നടത്തിയ രാഷ്ട്രങ്ങളിലൊന്നാണ് യുഎഇ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News