യുഎഇ പ്രസിഡന്റ് നാളെ ഇന്ത്യയിലേക്ക്
ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തും
ദുബൈ: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നാളെ ഇന്ത്യയിലെത്തും. ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തും. ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം.
2022-ൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ,. ലോക്കൽ കറൻസി സെറ്റിൽമെന്റ് (എൽസിഎസ്) സംവിധാനം, ഉഭയകക്ഷി നിക്ഷേപ ഉടമ്പടി എന്നിവയും ഇരു രാജ്യങ്ങളും പരസ്പരം മികച്ച വ്യാപാര, നിക്ഷേപ പങ്കാളികളാവാൻ കാരണമായി. 2025-ന്റെ ആദ്യ പകുതിയിൽ മാത്രം ഇരുരാജ്യങ്ങളും തമ്മിലുള്ള എണ്ണയിതര വ്യാപാരം 3,760 കോടി ഡോളറായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 34% വർധനവാണിത്. 2030-ഓടെ 10,000 കോടി ഡോളർ എണ്ണയിതര വ്യാപാരം എന്ന ലക്ഷ്യം നേടാനുള്ള പാതയിലാണ് ഇരുരാജ്യങ്ങളും.
യുഎഇ പ്രസിഡന്റായി സ്ഥാനമേറ്റതിനുശേഷം ശൈഖ് മുഹമ്മദിന്റെ മൂന്നാമത്തെ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇരുരാജ്യങ്ങളും തമ്മിൽ നിരവധി ഉന്നതതല കൂടിക്കാഴ്ചകൾ നടന്നിട്ടുണ്ട്. നിലവിൽ ഇന്ത്യയിലെ ഏഴാമത്തെ വലിയ വിദേശ നേരിട്ടുള്ള നിക്ഷേപ സ്രോതസ്സാണ് യുഎഇ. 2000 മുതൽ ഇതുവരെ 2,200 കോടി ഡോളറിലധികം നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരവും സാമ്പത്തികവുമായ ബന്ധത്തെ കൂടുതൽ ഊട്ടിയുറപ്പിക്കുമെന്നാണ് വിലയിരുത്തൽ.