Writer - razinabdulazeez
razinab@321
ദുബൈ: ലോകകപ്പ് യോഗ്യത റൗണ്ടിൽ യുഎഇ ഇന്ന് ഒമാനെ നേരിടും. ദോഹ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിൽ രാത്രി 09.15നാണ് പോരാട്ടം. മത്സരം. ഇന്ന് ഒമാനെ തോല്പിക്കുകയും 14ാം തീയതി ഖത്തറിനെതിരെ സമനിലയും നേടിയാല്‍ രണ്ടാം തവണയും യു.എ.ഇക്ക് ലോകകപ്പില്‍ കളിക്കാം. സന്നാഹ മത്സരത്തില്‍ ബഹ്റൈനെയും സിറിയയെയും തകര്‍ത്തുവിട്ട ആവേശത്തിലാണ് യുഎഇ ടീം. 4-2-3-1 എന്ന ഫോർമേഷനിലാകും കോസ്മിന്‍ ഒലറോയ് ടീമിനെ അണിനിരത്തുക.
റാങ്കിങ്ങിൽ ഒമാനേക്കാൾ മുന്നിലാണ് യുഎഇ. ഇരുവരും 14 തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് പ്രാവശ്യം യു.എ.ഇയും നാലു തവണ ഒമാനും വിജയിച്ചു. അഞ്ചെണ്ണം സമനിലയിലായിരുന്നു. അവസാനമായി ഇരുടീമുകളും അറബ് കപ്പില്‍ നേരിട്ടപ്പോള്‍ 1-1ന് തുല്യത പാലിച്ചു. രണ്ടാം റൗണ്ടില്‍ ഗ്രൂപ് ജേതാക്കളായി വന്ന യു.എ.ഇ അടുത്ത റൗണ്ടില്‍ ഇറാന്, ഉസ്ബകിസ്താന്‍ അടങ്ങിയ ശക്തരുടെ ഗ്രൂപ്പില്‍ നിന്ന് 15 പോയന്റോടെ മൂന്നാം സ്ഥാനം നേടുകയും ചെയ്തു. അതേസമയം, ഫലസ്തീനെ ഒരു പോയന്റ് വ്യത്യാസത്തില്‍ പിന്തള്ളിയാണ് ഒമാന്‍ നാലാം റൗണ്ടില്‍ കടന്നുകൂടിയത്.
നിലവിൽ മികച്ച ഫോമിലുള്ള ഫാബിയോ ലിമയും, ഹാരിബ് അബ്ദുല്ലയും, യഹ്യ അല്ഖസ്സാനിയും അവരുടെ പ്രകടനം നിലനിർത്തിയാൽ യുഎഇക്ക് കാര്യങ്ങൾ എളുപ്പമാകും. 1990 ഇറ്റാലിയൻ ലോകകപ്പിനുശേഷം രണ്ടാം ലോകകപ്പ് പ്രവേശന പ്രതീക്ഷയിലാണ് യുഎഇ.