സ്വദേശിവൽകരണം പൂർത്തിയാക്കാത്ത കമ്പനികൾക്ക് കനത്ത പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്
50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ വിദഗ്ധ തൊഴിൽമേഖലയിൽ ഈ വർഷം രണ്ട് ശതമാനം സ്വദേശിവൽകരണം നടപ്പാക്കണം എന്നാണ് യുഎഇ മാനവ വിഭവ, സ്വദേശിവൽകരണ മന്ത്രാലയത്തിന്റെ നിർദേശം.
അബൂദബി: യുഎഇയിൽ സ്വദേശിവൽകരണം പൂർത്തിയാക്കാത്ത കമ്പനികൾക്ക് ഈവർഷം അവസാനം മുതൽ കനത്തപിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്. യുഎഇ തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഒരു സ്വദേശിക്ക് 72,000 ദിർഹം എന്ന നിലയിലായിരിക്കും പിഴ.
50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ വിദഗ്ധ തൊഴിൽമേഖലയിൽ ഈ വർഷം രണ്ട് ശതമാനം സ്വദേശിവൽകരണം നടപ്പാക്കണം എന്നാണ് യുഎഇ മാനവ വിഭവ, സ്വദേശിവൽകരണ മന്ത്രാലയത്തിന്റെ നിർദേശം. ഈ വർഷം അവസാനത്തിനകം ഈ ലക്ഷ്യം കൈവരിക്കാത്ത സ്ഥാപനങ്ങൾ 2023 ജനുവരി മുതൽ പിഴ നൽകേണ്ടി വരും. നിയമനം ലഭിക്കാത്ത ഒരു സ്വദേശിക്ക് 72,000 ദിർഹം എന്ന നിരക്കിൽ കനത്തപിഴയാണ് സ്ഥാപനങ്ങളിൽ നിന്ന് ഓരോമാസവും ഈടാക്കുക. രാജ്യത്തെ സ്വദേശിവൽകരണ തോത് അനുസരിച്ച് വിദഗ്ധരംഗത്ത് 50 ജീവനക്കാരുണ്ടെങ്കിൽ ഒരു സ്വദേശിയെ എങ്കിലും കമ്പനിയിൽ നിയമിച്ചിരിക്കണം. ലക്ഷ്യം കൈവരിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ഒഴിവാകും എന്ന് മാത്രമല്ല, ആനൂകൂല്യങ്ങളും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. വേണ്ടത്ര സ്വദേശികളെ നിയമിച്ചാൽ ഒന്നാം കാറ്റഗറി കമ്പനിയായി സ്ഥാപനത്തെ കണക്കാക്കും. തവ്തീൻ പാർട്ണർ ക്ലബിൽ ഉൾപ്പെടുത്തി ലക്ഷ്യം കൈവരിച്ച സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിന്റെ സർവീസ് ഫീസുകളിൽ 80 ശതമാനം വരെ ഇളവ് നൽകും. ഈവർഷം രണ്ട് ശതമാനമുള്ള സ്വദേശിവൽകരണം 2026നുള്ളിൽ പത്ത് ശതമാനമാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.