ദുബൈയിൽ നമുക്ക് യോജിച്ച താമസസ്ഥലം കണ്ടെത്താൻ ഇത്ര എളുപ്പമായിരുന്നോ ?

Update: 2023-02-22 06:36 GMT
Advertising

ദുബൈ, ആരെയും മോഹിപ്പിക്കുന്ന ഒരു നഗരത്തിന്റെ പേരാണിന്നിത്. പ്രവാസിയായോ സന്ദർശകനായോ ഒരിക്കൽ ദുബൈയിൽ എത്തിയാൽ അധികമാളുകളുടേയും പ്രിയപ്പെട്ട ഇടമായി മാറാൻ ഈ നഗരത്തിന് ഒരു പ്രത്യേക വശീകരണ ശക്തിയുണ്ട്. അത്രയേറെ ജീവിത സൗകര്യങ്ങളും സൗഹൃദ അന്തരീക്ഷവുമാണ് ഭരണാധികാരികൾ നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.

അതിവിശാലമായ ദുബൈ നഗരത്തിൽ നമ്മുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും പരിമിതികൾക്കും യോജിച്ച ഒരു താമസസ്ഥലം കണ്ടെത്തുകയെന്നത് അൽപം ആയാസകരമായ കാര്യമാണ്. ഇത് മനസിലാക്കി അതിനൊരു പരിഹാരവും അധികാരികൾ ആവിഷ്‌കരിച്ചിട്ടുണ്ട്.

നിങ്ങളുടെ ബജറ്റ്, ജീവിതശൈലി, മറ്റ് ഇഷ്ടങ്ങളും മുൻഗണനകളും എന്നിവയെല്ലാം പരിഗണിച്ച് അവയ്ക്ക് അനുയോജ്യമായ താമസസ്ഥലം കണ്ടെത്താൻ നിങ്ങൾ ഇനി കൂടുതൽ അലയേണ്ടതില്ല. മണിക്കൂറുകളോളം ഓൺലൈനിൽ ചിലവഴിച്ച് സമയം കളയുകയും വേണ്ട.

ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റിന്റെ റെന്റൽ ലൊക്കേഷൻ മാപ്പ് സേവനം ഉപയോഗിച്ച് ഈ പ്രതിസന്ധികൾക്ക് നമുക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും.




അപ്പാർട്ട്‌മെന്റോ വില്ലയോ പോലെ ഏതു തരത്തിലുള്ള താമസസൗകര്യമാണ് വേണ്ടത്, ആവശ്യമായ മുറികളുടെ എണ്ണം എത്രയാണ് എന്നെല്ലാം ഈ വെബ്‌സൈറ്റിൽ നിർദ്ദേശം നൽകിയാൽ കുറച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ, DLD റെന്റൽ മാപ്പ് നമുക്ക് യോജിച്ച റെസിഡൻഷ്യൽ ഏരിയ ആ പ്രദേശത്തെ ശരാശരി വാടകയടക്കമുള്ള വിവരണങ്ങളോടെ കാണിച്ചു തരും.

ഈ മാപ്പ് ഉപയോഗിക്കാനായി https://dubailand.gov.ae/en/eservices/rental-index/#/ എന്ന വെബ്സൈറ്റ് ലിങ്കാണ് തുറക്കേണ്ടത്. ഓപൺ ചെയ്ത ശേഷം 'ലൊക്കേഷൻ മാപ്പ്' വിഭാഗം തിരഞ്ഞെടുത്താൽ, അവിടെ ദുബൈയുടെ ഭൂപടവും എമിറേറ്റിലെ റെസിഡൻഷ്യൽ ഏരിയകളും കാണാൻ സാധിക്കും. ഇതിൽ താൽപ്പര്യമുള്ള പ്രദേശം കണ്ടെത്താൻ, മാപ്പിലേക്ക് കൂടുതൽ സൂം ഇൻ ചെയ്യണം.




താൽപ്പര്യമുള്ള ഏരിയയിൽ ക്ലിക്ക് ചെയ്ത്, വില്ല, അപ്പാർട്ട്മെന്റ്, കിടപ്പുമുറികളുടെ എണ്ണം എന്നിവയെല്ലാം ഓപ്ഷനിൽ ഫിൽട്ടർ ചെയ്ത് നൽകാവുന്നതാണ്.

ശേഷം 'ഡിസ്പ്ലേ റിസൾട്ട്' ബട്ടണിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾ തിരഞ്ഞെടുത്ത റെസിഡൻഷ്യൽ പ്രദേശത്തെ ശരാശരി വാടകയടക്കമുള്ള വിവരങ്ങളോടെ നമുക്കാവശ്യമായ വിവരങ്ങൾ മാപ്പ് നൽകുന്നതായിരിക്കും. പ്രദേശത്തെ ശരാശരി വാടകയുടെ എസ്റ്റിമേറ്റ് മാത്രമേ നമുക്ക് മാപ്പ് പറഞ്ഞു തരികയൊള്ളു. ഈ ചെലവിൽ വെള്ളം, വൈദ്യുതി, മറ്റ് ഭവന സംബന്ധമായ ഫീസുകൾ എന്നിവയൊന്നും ഉൾപ്പെടുകയില്ല.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News