അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച പതിനായിരത്തോളം പേരെ തിരിച്ചയച്ചതായി സുരക്ഷാ സേന

ഹജ്ജിനുള്ള അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 9915 പേരെയാണ് ഹജ്ജ് സുരക്ഷാ സേന പിടികൂടി തിരിച്ചയച്ചത്.

Update: 2019-08-05 17:31 GMT
Advertising

അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച പതിനായിരത്തോളം പേരെ തിരിച്ചയച്ചതായി സുരക്ഷാ സേന. അനധികൃതമായി ഹജ്ജിനെത്തുന്നവരെ പിടികൂടുന്നതിന് സുരക്ഷാ വിഭാഗം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിരവധി വ്യാജ ഹജ്ജ് സേവന കേന്ദ്രങ്ങള്‍ പിടികൂടിയതായും സുരക്ഷാ സേന വിഭാഗം അറിയിച്ചു. ഹജ്ജിനുള്ള അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 9915 പേരെയാണ് ഹജ്ജ് സുരക്ഷാ സേന പിടികൂടി തിരിച്ചയച്ചത്.

181 വ്യാജ ഹജ്ജ് സര്‍വ്വീസ് കേന്ദ്രങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ഹജ്ജ് സീസണില്‍ മക്കയില്‍ ജോലി ചെയ്യാനായെത്തിയ നാല് ലക്ഷത്തോളം (3,89,359) വിദേശികളേയും തിരിച്ചയച്ചു. പുണ്യസ്ഥലങ്ങളില്‍ ഹജ്ജ് നിയമവ്യവസ്ഥകള്‍ ലംഘിച്ച കുറ്റത്തിന് മുന്നൂറോളം വിദേശികളും പിടിയിലായി. ഇവര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നതായി സുരക്ഷാ സേന അറിയിച്ചു.

മക്കയിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലാത്ത ഒന്നേമുക്കാല്‍ ലക്ഷത്തോളം (1,73,223) വാഹനങ്ങളും പരിശോധനയില്‍ പിടിക്കപ്പെട്ടു. അനുമതി പത്രമില്ലാതെ ഹജ്ജ് ചെയ്യാന്‍ വരുന്നവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ചതിന് 15 വാഹനങ്ങള്‍ കണ്ടുകെട്ടുകയും ഡ്രൈവര്‍മാര്‍ക്കെതിരില്‍ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്

Full View
Tags:    

Similar News