അനുമതിയില്ലാതെ ഹജ്ജിന് വഴിയൊരുക്കി; സൗദിയിൽ 30 സർക്കാർ ജീവനക്കാർ പിടിയിൽ
നസാഹ അതോറിറ്റിയുടെ നേതൃത്വത്തിലാണ് പരിശോധന
റിയാദ്:അനുമതിയില്ലാതെ ഹജ്ജ് തീർഥാടനം സാധ്യമാക്കിയ കുറ്റത്തിന് 30 സർക്കാർ ജീവനക്കാരെ സൗദിയിൽ അറസ്റ്റ് ചെയ്തു. ഓവർസൈറ്റ് ആന്റ് ആന്റി കറപ്ഷൻ അതോറിറ്റിയുടെതായിരുന്നു പരിശോധന. ഏറ്റവും കൂടുതൽ അഴിമതി പിടികൂടിയത് ആഭ്യന്തര മന്ത്രാലയത്തിന്റെ ജീവനക്കാരിൽ നിന്നാണ്.
ഓവർസൈറ്റ് ആന്റ് ആന്റി കറപ്ഷൻ അതോറിറ്റി, സൗദി ആഭ്യന്തര മന്ത്രാലയം തുടങ്ങിയവയുടെ പരിശോധനയിലാണ് കണ്ടെത്തൽ. വിവിധ സർക്കാർ മന്ത്രാലയങ്ങളിലെ ജീവനക്കാർ വഴി നടന്നത് വൻ അഴിമതിയാണ്. 30 സർക്കാർ ജീവനക്കാരെയാണ് അറസ്റ്റ് ചെയ്തത്. അനുമതിയില്ലാത്ത പ്രവാസികളെയും സ്വദേശികളെയും സുരക്ഷാ ചെക്‌പോയിന്റുകൾ വഴി ഹജ്ജിനായി ഇവർ കടത്തുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് 26 പേരും പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് രണ്ട് പേരും പിടിയിലായി. ഇസ്‌ലാാമിക് കാര്യ, ദഅവ, മാർഗനിർദ്ദേശ മന്ത്രാലയം, ഓവർസൈറ്റ് ആന്റ് ആന്റി കറപ്ഷൻ അതോറിറ്റി തുടങ്ങിയ മന്ത്രാലയങ്ങളിൽ നിന്ന് ഓരോ ജീവനക്കാർ വീതവും പിടിയിലായി.
ഹജ്ജുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് കർശന നടപടികളാണ് നിലവിൽ രാജ്യം സ്വീകരിച്ചു വരുന്നത്. ഹജ്ജ് സൗകര്യം വർധിപ്പിക്കുക, ഹാജിമാർക്ക് അനുകൂല സാഹചര്യമുണ്ടാക്കുക, വ്യാജ ഹജ്ജുകൾ, ഹജ്ജ് സ്ഥാപനങ്ങൾ എന്നിവ തടയുക തുടങ്ങിയവയുടെ ഭാഗമായാണ് നടപടി.