അനധികൃത തീർത്ഥാടകരെ മക്കയിലേക്കു കടത്തൽ; 50 ലക്ഷത്തിലധികം റിയാൽ പിഴ ചുമത്തി

Update: 2019-09-01 18:43 GMT
Advertising

ഈ വർഷം ഹജ്ജ് അനുമതി പത്രമില്ലാത്ത അനധികൃത തീർത്ഥാടകരെ മക്കയിലേക്കു കടത്താൻ ശ്രമിച്ചവർക്ക്‌ മൊത്തം അമ്പത് ലക്ഷത്തിലേറെ റിയാൽ പിഴ ചുമത്തിയതായി സൗദി അധികൃതർ. നിയമലംഘനത്തിന്റെ തോതനുസരിച്ചു പതിനായിരം മുതൽ ഒരു ലക്ഷത്തി നാൽപ്പതിനായിരം റിയാൽ വരെ ഓരോരുത്തർക്കും പിഴ ചുമത്തിയിട്ടുണ്ട്. പിഴക്കു പുറമെ ഇവർക്ക് ജയിൽ വാസവും അനുഭവിക്കേണ്ടിവരും.

അനുമതിപത്രമില്ലാതെ ഹജ്ജിനായി മക്കയിലേക്ക് കടക്കുന്നതും അത്തരം ആളുകൾക്ക് യാത്രാസൗകര്യം നല്‍കുന്നതുമെല്ലാം ഗൗരവമേറിയ നിയമലംഘനങ്ങളായിരിക്കുമെന്നു നേരത്തെ തന്നെ സൗദി അധികൃതർ പ്രഖ്യാപിച്ചതാണ്. ഇത്തരം ആളുകളെ തടയാൻ വിപുലമായ സംവിധാനങ്ങളാണ് സൗദി പാസ്പോര്‍ട്ട് വിഭാഗം ഒരുക്കിയിരുന്നത്. അനധികൃത തീർത്ഥാടകരെ മക്കയിലെത്തിക്കാൻ സഹായിച്ചു പിടിക്കപ്പെട്ടവരിൽ നിന്നും ഈ വർഷം പിഴയായി ഈടാക്കിയത് 50 ലക്ഷത്തിലേറെ റിയാലാണ്. 108 ശിക്ഷാവിധികളുമുണ്ട് ഇവർക്ക്. മൊത്തം 1,540 ദിവസങ്ങൾ തടവ് ശിക്ഷയുമുണ്ട്. തീർത്ഥാടകരെ കടത്തുന്നതിനായി ഉപയോഗിച്ച 15 വാഹനങ്ങൾ കണ്ടുകെട്ടും. ഇത്തരം പ്രവർത്തികളിലേർപ്പെട്ടവരിൽ 19 വിദേശികളുമുണ്ട്. ഇവരെ നാടുകടത്തും. അനധികൃത തീർത്ഥാടകരെ മക്കയിലേക്ക് കടത്തുന്നവർക്കു ആദ്യ തവണ ഒരാൾക്ക് 10,000 റിയാലും രണ്ടാം തവണ 25,000 റിയാൽ വീതവും മൂന്നാം തവണ പിടിക്കപ്പെട്ടാൽ 50,000 റിയാലുമാണ് പിഴ ഈടാക്കുക. പിഴക്കു പുറമെ ആദ്യ തവണ പിടിക്കപ്പെട്ടാൽ 15 ദിവസവും രണ്ടും മൂന്നും പ്രാവശ്യം പിടിക്കപ്പെട്ടാൽ യഥാക്രമം 2 മാസം, 6 മാസം എന്നിങ്ങനെ തടവ് ശിക്ഷയും അനുഭവിക്കേണ്ടതായി വരും.

Tags:    

Similar News