ഗൂഗിളില്‍ രോഗ ലക്ഷണങ്ങള്‍ തിരയുന്നവരാണോ? ഇത് വായിക്കാതെ പോകരുത്...
ഇന്‍റര്‍നെറ്റില്‍ തിരഞ്ഞാല്‍ പലപ്പോഴും പരിഭ്രാന്തരാവും എന്നല്ലാതെ കൃത്യമായി രോഗകാരണം സ്ഥിരീകരിക്കാനാവില്ല.
എന്തെങ്കിലും ശാരീരിക അസ്വസ്ഥത വന്നാല്‍ ഉടനെ അതിന്‍റെ കാരണം ഗൂഗിളില്‍ തിരയുന്നവരാണോ നിങ്ങള്‍? ഉദാഹരണത്തിന് നിങ്ങള്‍ക്ക് തലവേദനയാണെന്നിരിക്കട്ടെ. ഗൂഗിളില്‍ തിരഞ്ഞാല്‍ തലവേദനയ്ക്ക് കുറഞ്ഞത് 20 കാരണങ്ങള്‍ മുന്നില്‍ത്തെളിയും. ട്യൂമര്‍, കാന്‍സര്‍ തുടങ്ങി ഗുരുതര രോഗങ്ങളുടെ മുതല്‍ അപകടകാരിയല്ലാത്ത ക്ഷീണത്തിന്‍റെ വരെ ലക്ഷണമാകാം ഈ തലവേദന. ഇതില്‍ ഏതാണെന്ന് സ്വയം സ്ഥിരീകരിക്കാനാവില്ല. അതുകൊണ്ടുതന്നെ ഗൂഗിളില്‍ തിരഞ്ഞാല്‍ പലപ്പോഴും പരിഭ്രാന്തരാവും എന്നല്ലാതെ കൃത്യമായി രോഗമെന്തെന്ന് സ്ഥിരീകരിക്കാനാവില്ല.
രോഗം കണ്ടെത്താന്‍ എളുപ്പവഴികളില്ല
രോഗവും കാരണവും കണ്ടെത്താന്‍ എളുപ്പവഴികളില്ല. വര്‍ഷങ്ങള്‍ പഠിച്ചാണ് ഒരാള്‍ ഡോക്ടറാവുന്നത്. ഡോക്ടര്‍ രോഗിയെ കണ്ട് പരിശോധിച്ച് രോഗം കണ്ടെത്തുന്നതിലെ കൃത്യത ഒരിക്കലും ഗൂഗിളില്‍ തിരഞ്ഞ് രോഗം സ്വയം നിര്‍ണയിച്ചാല്‍ ഉണ്ടാവില്ല.
സ്വയം പരിഭ്രാന്തരാവാതിരിക്കുക
ഇന്‍റര്‍നെറ്റില്‍ തിരഞ്ഞ് രോഗം സ്വയം സ്ഥിരീകരിക്കുന്നത് പരിഭ്രാന്തിക്കും ആകുലതയ്ക്കും കാരണമാകും. പ്രത്യേകിച്ച് നമ്മള്‍ തിരയുന്ന ലക്ഷണം ഏതെങ്കിലും മാരക രോഗത്തിന്‍റേതാണെങ്കില്‍ സ്വാഭാവികമായും ആശങ്കയുണ്ടാകും. സൈബര്‍കോണ്‍ഡ്രിയ എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്ന പേര്.
ഓണ്‍ലൈനില്‍ ആര്‍ക്കും ഡോക്ടറാകാം
ആരോഗ്യകാര്യങ്ങള്‍ സംബന്ധിച്ച് ഇന്‍റര്‍നെറ്റില്‍ തിരയുമ്പോള്‍ ലഭിക്കുന്ന ലേഖനങ്ങളുടെ വിശ്വാസ്യതയും കൃത്യതയും പലപ്പോഴും ഉറപ്പിക്കാനാവില്ല. ചിലപ്പോള്‍ തീര്‍ത്തും തെറ്റായ വിവരങ്ങള്‍ ലഭിച്ചേക്കും.
അതുകൊണ്ട് രോഗവും കാരണങ്ങളും സ്വയം സ്ഥിരീകരിക്കാതെ ഡോക്ടറെ നേരില്‍ കാണുന്നതാണ് നല്ലത്.