പുകവലി പോലെ ആരോഗ്യം തകര്‍ക്കും ഈ മാനസികാവസ്ഥ..

ഉത്കണ്ഠയും വിഷാദവുമെല്ലാം ഹൃദയ - രക്ത സംബന്ധ അസുഖങ്ങള്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും സന്ധിരോഗങ്ങള്‍ക്കുമെല്ലാം കാരണമാകുന്നു

Update: 2018-12-26 08:18 GMT

ശാരീരിക ആരോഗ്യമെന്നത് മാനസികാരോഗ്യത്തെ കൂടി ആശ്രയിച്ചാണിരിക്കുന്നത്. വാര്‍ഷിക ആരോഗ്യ പരിശോധന നടത്തുമ്പോള്‍ പക്ഷേ പലരും മാനസികാരോഗ്യം പരിഗണിക്കാറേയില്ല. ഉത്കണ്ഠയും വിഷാദവുമെല്ലാം ഹൃദയ - രക്ത സംബന്ധ അസുഖങ്ങള്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും സന്ധിരോഗങ്ങള്‍ക്കുമെല്ലാം കാരണമാകുന്നു. പുകവലി കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ പോലെ തന്നെ രൂക്ഷമാണ് വിഷാദവും ഉത്കണ്ഠയും കൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍.

അമേരിക്കയില്‍ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്‍ഫ്രാന്‍സിസ്കോയാണ് മാനസികാരോഗ്യം ശാരീരികാരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പ്രായമായ 15418 പേരിലാണ് പഠനം നടത്തിയത്. പഠനത്തിന്‍റെ ഫലം ഞെട്ടിപ്പിക്കുന്നതായിരുന്നു. വിഷാദമോ ഉത്കണ്ഠയോ ഉള്ളവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയ സംബന്ധമായ അസുഖമുണ്ടാകാനുള്ള സാധ്യത 65 ശതമാനവും സ്ട്രോക്ക് വരാനുള്ള സാധ്യത 64 ശതമാനവും കൂടുതലാണ്. ‌അമിത രക്തസമ്മര്‍ദത്തിനുള്ള സാധ്യത 50 ശതമാനവും സന്ധി സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത 87 ശതമാനവും കൂടുതലാണെന്ന് പഠനം പറയുന്നു. ഹെല്‍ത്ത് സൈക്കോളജിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

അതേസമയം കാന്‍സറും മാനസികാരോഗ്യവും തമ്മില്‍ കാര്യമായ ബന്ധമില്ലെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. കാന്‍സര്‍ വരാനുള്ള സാധ്യത മാനസികരോഗമുള്ളവരില്‍ കൂടുതലാണെന്ന് കണ്ടെത്തിയിട്ടില്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഒയ്ഫെ ഡൊനോവന്‍ പറഞ്ഞു. എന്നാല്‍ തലവേദന, വയറുവേദന, നടുവേദന എന്നിവ വിഷാദവും ഉത്കണ്ഠയുമുള്ളവരില്‍ കൂടുതലായി കാണുന്നു.

Tags:    

Similar News