നമ്മുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണല്ലോ ഉപ്പ്. ഭക്ഷണത്തിന് രുചി നൽകുന്നതിലുപരി ആരോഗ്യകാര്യത്തിലും ഇതിന് വലിയ പങ്കുണ്ട്. അരി, പഞ്ചസാര, മസാലപ്പൊടികൾ തുടങ്ങിയവയിലെ മായത്തെക്കുറിച്ച് നമ്മൾ ജാഗ്രത പാലിക്കാറുണ്ടെങ്കിലും ഉപ്പിലെ മായത്തെക്കുറിച്ച് പലപ്പോഴും ചിന്തിക്കാറില്ല. എന്നാൽ ഉപ്പിലും മായം കലരാൻ സാധ്യതയുണ്ടെന്നും അത് തിരിച്ചറിയാൻ ലളിതമായ മാർഗങ്ങളുണ്ടെന്നും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
എന്താണ് വ്യാജ ഉപ്പ്?
യഥാർഥ ഉപ്പിന് പകരം ലാഭത്തിനായി ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ചേർത്ത് നിർമിക്കുന്നതാണ് വ്യാജ ഉപ്പ്. കാഴ്ചയിൽ സാധാരണ ഉപ്പ് പോലെ തോന്നിക്കുമെങ്കിലും ഇതിൽ ശരീരത്തിന് ആവശ്യമുള്ള സോഡിയമോ അയോഡിനോ അടങ്ങിയിട്ടുണ്ടാവില്ല. പകരം ചോക്ക് പൊടി, സിന്തറ്റിക് പദാർഥങ്ങൾ, സോഡിയം സൾഫേറ്റ് പോലുള്ള രാസവസ്തുക്കൾ എന്നിവയാണ് ഇതിൽ ഉണ്ടാകുക. പോഷക ഗുണമില്ലാത്ത ഇത്തരം 'ഫില്ലറുകൾ' നമ്മുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാണ്.
മായം ചേർത്ത ഉപ്പ് കഴിച്ചാൽ എന്തൊക്കെ സംഭവിക്കാം?
സാധാരണ ഗതിയിൽ ഉണ്ടാകുന്ന വയറിളക്കം, ഓക്കാനം എന്നിവയ്ക്ക് പുറമെ ശരീരത്തിന് അത്യാവശ്യം വേണ്ട ധാതുക്കളുടെ കുറവ് നിമിത്തം വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് ഇത് നയിക്കാം. ഇതിലെ കെമിക്കലുകൾ വൃക്കകളെയും കരളിനെയും നേരിട്ട് ബാധിക്കുമെന്നത് ഗൗരവകരമായ കാര്യമാണ്. ഉപ്പിലെ 'സീറോ' അയോഡിൻ കുട്ടികളുടെയും മുതിർന്നവരുടെയും ശാരീരിക-മാനസിക വളർച്ചയെപ്പോലും തടസപ്പെടുത്തിയേക്കാം.
ഉപ്പിലെ മായം എങ്ങനെ തിരിച്ചറിയാം?
കാഴ്ചയിലെ വ്യത്യാസം: യഥാർഥ ഉപ്പിന്റെ പരലുകൾ ഏകദേശം ഒരേ വലിപ്പത്തിലും ആകൃതിയിലുമുള്ളവ ആയിരിക്കും. എന്നാൽ വ്യാജ ഉപ്പ് പരലുകൾ പല വലിപ്പത്തിലും രൂപത്തിലുമായിരിക്കും കാണപ്പെടുക.
വെള്ളത്തിലെ പരിശോധന: ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പ് കലർത്തുക. ശുദ്ധമായ ഉപ്പ് പൂർണമായും അലിഞ്ഞുചേരും. വെള്ളത്തിന് നിറം മാറ്റമോ അടിയിൽ അവശിഷ്ടങ്ങളോ ഉണ്ടെങ്കിൽ അതിൽ മായമുണ്ടെന്ന് ഉറപ്പിക്കാം.
ചൂടാക്കി നോക്കാം: ഒരു പാനിലിട്ട് അല്പം ഉപ്പ് ചൂടാക്കുക. യഥാർഥ ഉപ്പ് കത്തുകയോ ഗന്ധം പുറപ്പെടുവിക്കുകയോ ചെയ്യില്ല. നിറം മാറുന്നതോ ദുർഗന്ധം വരുന്നതോ മായത്തിന്റെ ലക്ഷണമാണ്.
രുചി നോക്കുക: ഉപ്പിന് അസാധാരണമായ കയ്പ്പോ ലോഹത്തിന്റെ രുചിയോ അനുഭവപ്പെട്ടാൽ അതിൽ പൊട്ടാസ്യം ക്ലോറൈഡ് പോലുള്ള രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടാകാം.
പാക്കേജിങ് ശ്രദ്ധിക്കുക: ഐഎസ്ഐ (ISI), എഫ്എസ്എസ്എഐ (FSSAI) തുടങ്ങിയ ഗുണനിലവാര മുദ്രകളും ശരിയായ ലേബലിങ്ങും പാക്കറ്റിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുക.