വീല്‍ചെയര്‍ വാങ്ങാന്‍ പണമില്ല; മകന് വേണ്ടി പൈപ്പുകള്‍ കൊണ്ട് വാക്കര്‍ നിര്‍മിച്ച് മാതാപിതാക്കള്‍
പേശികളുടെ ബലം കുറയുന്ന ഹിപ്റ്റോണിയ എന്ന രോഗമാണ് രണ്ട് വയസുകാരന്‍ ലോഗന്. പരസഹായമില്ലാതെ നില്‍ക്കാനോ നടക്കാനോ സാധിക്കാത്ത അവസ്ഥയാണ്.
വീല്‍ചെയര്‍ വാങ്ങാനുള്ള പണമില്ലാത്തതിനാല്‍ പി.വി.സി പൈപ്പുകള്‍ കൊണ്ട് വാക്കര്‍ നിര്‍മിച്ച് ദമ്പതികള്‍. ജോര്‍ജിയ സ്വദേശികളാണ് തന്‍റെ മകന് വേണ്ടി വാക്കര്‍ നിര്‍മിച്ചത്. പേശികളുടെ ബലം കുറയുന്ന ഹിപ്റ്റോണിയ എന്ന രോഗമാണ് രണ്ട് വയസുകാരന്‍ ലോഗന്. പരസഹായമില്ലാതെ നില്‍ക്കാനോ നടക്കാനോ സാധിക്കാത്ത അവസ്ഥയാണ്. കുട്ടിയുടെ അസുഖം മനസിലാക്കിയ തെറാപ്പിസ്റ്റുകള്‍ ലോഗന്‍റെ മാതാപിതാക്കളോട് കുഞ്ഞിന് സ്വതന്ത്രമായി സഞ്ചരിക്കാന്‍ സഹായിക്കുന്ന ഒരു വീല്‍ചെയര്‍ വാങ്ങാന്‍ നിര്‍ദേശിച്ചു. പക്ഷേ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് വിലയേറിയ വീല്‍ചെയര്‍ വാങ്ങാനുള്ള ശേഷി ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ ബുദ്ധിമുട്ടിലും തളരാതിരുന്ന അവര്‍ മകന് വേണ്ടി യൂട്യൂബ് ട്യൂട്ടോറിയല്‍ കണ്ട് പി.വി.സി പൈപ്പുകള്‍ യോജിപ്പിച്ച് ഒരു വോക്കര്‍ നിര്‍മിച്ചു.
നാല് ചക്രങ്ങള്‍ ഘടിപ്പിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഗേറ്റ് ട്രെയിനര്‍ ആയിരുന്നു ഡോക്ടര്‍മാര്‍ ലോഗന്‍റെ കുടുംബത്തോട് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇന്‍ഷുറന്‍സ് തുക ഉപയോഗിച്ച് കുഞ്ഞിന്‍റെ ചികിത്സ നടത്തുന്ന സ്റ്റോര്‍ ജീവനക്കാരായ മാതാപിതാക്കള്‍ക്കള്‍ക്ക് ഇത്രയും വില കൂടിയ വീല്‍ചെയര്‍ വാങ്ങാനുള്ള പണം കണ്ടെത്താനായില്ല. കുഞ്ഞ് ലോഗന്‍ പരസഹായം ഇല്ലാതെ നടക്കുന്നത് കാണാന്‍ തീവ്രമായി ആഗ്രഹിച്ച മാതാപിതാക്കള്‍ വീട്ടുസാമഗ്രികള്‍ വില്‍ക്കുന്ന കടയില്‍ നിന്നും ആവശ്യമായ സാധനങ്ങള്‍ വാങ്ങി. യൂട്യൂബ് നോക്കി വാക്കര്‍ നിര്‍മിക്കാന്‍ ആരംഭിച്ചു.
ഏറെ ദിവസത്തെ പരിശ്രമത്തിനൊടുവില്‍ അവര്‍ ലോഗനായി മനോഹരമായ കുഞ്ഞു വോക്കര്‍ നിര്‍മിച്ചു. വോക്കറിന്‍റെ സഹായത്തോടെ നടക്കുന്ന ലോഗന്‍റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് ഒരു മാധ്യമപ്രവര്‍ത്തകയാണ് സംഭവം ലോകത്തെ അറിയിച്ചത്. ഫേസ്ബുക്കില്‍ ചിത്രം ഇപ്പോള്‍ വൈറലാണ്. മാതാപിതാക്കളെ അഭിനന്ദിച്ചും നിരവധി പേര്‍ രംഗത്തെത്തി.