ശുചിത്വത്തിന്‍റെ പ്രാധാന്യം വിളിച്ചോതി ഹെപ്പറ്റൈറ്റിസ് ദിനം
മലിനമായ കുടിവെള്ളവും ശുചിത്വമില്ലാത്ത ഭക്ഷണ രീതികളുമാണ് മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ പിടിപെടാന്‍ കാരണമാകുന്നത്.
ജീവിതത്തില്‍ ശുചിത്വത്തിനുള്ള പ്രാധാന്യം വിളിച്ചോതിക്കൊണ്ടാണ് മറ്റൊരു ഹെപ്പറ്റൈറ്റിസ് ദിനം കൂടി എത്തുന്നത്. മലിനമായ കുടിവെള്ളവും ശുചിത്വമില്ലാത്ത ഭക്ഷണ രീതികളുമാണ് മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ പിടിപെടാന്‍ കാരണമാകുന്നത്. അതിനാല്‍ തന്നെ ഈ മഴക്കാലത്ത് ഹെപ്പറ്റൈറ്റിസ് രോഗങ്ങളെ അകറ്റാന്‍ കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.
കരളിനെ അണുബാധ പിടികൂടുന്നത് മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ഹെപ്പറ്റൈറ്റിസ്. എ,ബി,സി,ഡി,ഇ എന്നിങ്ങനെ അഞ്ച് തരം ഹെപ്പറ്റൈറ്റിസ് വൈറസുകളാണ് ഈ രോഗം പടര്‍ത്തുന്നത്. മഞ്ഞപ്പിത്തത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റിസ് എ വൈറസാണ് നമ്മുടെ നാട്ടില്‍ കൂടുതലായി കാണപ്പെടുന്നത്. ശുചിത്വക്കുറവാണ് ഈ രോഗം പടരാന്‍ പ്രധാന കാരണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു
കുടിവെള്ളവും മറ്റ് ഭക്ഷ്യവസ്തുക്കളും മലിനമാകാതെ സൂക്ഷിക്കുകയാണ് ഈ മഴക്കാലത്ത് ഇത്തരം രോഗങ്ങളെ തടയാന്‍ വേണ്ടി പ്രധാനമായും ചെയ്യേണ്ടത്. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്രവിസര്‍ജ്ജനം ഒഴിവാക്കുക, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക തുടങ്ങിയവയും പ്രതിരോധ മാര്‍ഗങ്ങളാണ്. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ അധികരിപ്പിക്കുന്നത് മൂലം പ്രവാസികളിലും ഹെപ്പറ്റൈറ്റിസ് രോഗങ്ങള്‍ കൂടുതലായി കാണുന്നുണ്ട്. ജീവിതശൈലികളില്‍ വരുത്തേണ്ട മാറ്റവും വ്യായാമവുമാണ് ഇത് മറികടക്കാനുള്ള വഴികളെന്നും ആരോഗ്യമേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു.