മധുരക്കിഴങ്ങ്; കുട്ടികള്‍ക്ക് കൊടുക്കാവുന്ന സൂപ്പര്‍ ഫുഡ്
കിഴങ്ങുവിളകളില്‍ വച്ച് ഒരു അത്ഭുതവിളയാണ് മധുരക്കിഴങ്ങ് അഥവാ ചക്കരക്കിഴങ്ങ്
കിഴങ്ങുവിളകളില്‍ വച്ച് ഒരു അത്ഭുതവിളയാണ് മധുരക്കിഴങ്ങ് അഥവാ ചക്കരക്കിഴങ്ങ്. 'സൂപ്പര്‍ ഫുഡ്',''വണ്ടര്‍ ക്രോപ്പ്' എന്നൊക്കെ പറയാം. കിഴങ്ങും, ഇലയും മൃദുവായ തണ്ടും, തികച്ചും പോഷകസമൃദ്ധമാണ്.അന്നജത്തിന്റേയും പ്രൊട്ടീനിന്റെയും മൂലകങ്ങളുടേയും കലവറയായ മധുരക്കിഴങ്ങ് നിങ്ങളുടെ കുട്ടികള്‍ക്ക് കൊടുക്കാവുന്ന ഒരു സൂപ്പര്‍ ഫുഡാണ്. വൈറ്റമിന്‍ സിയുടെ നല്ലൊരു ഉറവിടം കൂടിയാണ് മധുരക്കിഴങ്ങ്. ഇത് എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്കു സഹായിക്കും.
ധാതുക്കള്‍, പ്രോട്ടീന്‍, പോളിഫീനോളിക്‌സ് ആയ 15 ഓളം ഉപയോഗപ്രദമായ ആന്തോസയാനിന്‍, ഫീനോളിക്ക് ആസിഡ് എന്നിവയാല്‍ സമ്പുഷ്ടമാണ് മധുരക്കിഴങ്ങില. മനുഷ്യന്റെ കണ്ണ് സംരക്ഷിക്കുന്ന ഘടകമായ സാന്തോഫില്ലായ ലൂട്ടിന്‍ (29.5മില്ലിഗ്രാം/100ഗ്രാം) ഇതിന്റെ ഇലകളില്‍ സാധാരണ പഴങ്ങളിലും, പച്ചക്കറികളിലും (ഇലക്കറികളിലും) ഉള്ളതിനെക്കാളും അടങ്ങിയിട്ടുണ്ട്. ഇത് തിമിരം തടയും. ഇലകളിലെ ആന്തോസയാനിന്‍മനുഷ്യനിലെ പലതരം അസുഖങ്ങള്‍ പ്രതിരോധിക്കാനും ഉപയോഗപ്രദമാണ്. ചുരുക്കത്തില്‍ മധുരക്കിഴങ്ങില്‍ അന്നജം, പെക്ടിന്‍, ധാതുക്കള്‍ എന്നിവ ഉള്ളതുകാരണം ധാന്യങ്ങളുടെയും പഴവര്‍ഗ്ഗങ്ങളുടെയും പച്ചക്കറികളുടെയും സംയുക്തമായ ഗുണമേന്മയുണ്ട്.
എല്ലാ കാലാവസ്ഥയിലും മധുരക്കിഴങ്ങ് കൃഷി ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത .മധുര കിഴങ്ങിന്റെ ജന്മദേശം തെക്കേ അമേരിക്കയാണ്. ആഗോളഭക്ഷ്യവിളകളില്‍ ആറാം സ്ഥാനത്താണ് മധുരക്കിഴങ്ങിന്റെ സ്ഥാനം.