ഫേസ് വാഷുകള്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഫേസ് വാഷുകള്‍ ദിവസത്തില്‍ മൂന്ന് തവണയില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്

Update: 2019-11-09 04:36 GMT

മുഖം വൃത്തിയാക്കാന്‍ ഫേസ് വാഷുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. ചര്‍മ്മത്തിലെ അഴുക്കുകള്‍ മാറി മുഖം വൃത്തിയാവുകയും ചെയ്യും. എന്നാല്‍ ഫേസ് വാഷുകള്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഫേസ് വാഷുകള്‍ ദിവസത്തില്‍ മൂന്ന് തവണയില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. എണ്ണമയമുളള ചര്‍മം, വരണ്ട ചര്‍മം എന്നിങ്ങനെ ചര്‍മത്തിന്റെ സ്വഭാവം അനുസരിച്ച് പലതരത്തിലുളള ഫേസ് വാഷുകള്‍ ലഭിക്കും. ഏത് ചര്‍മത്തിനു യോജിച്ചതാണെന്ന് ഫേസ് വാഷിന്റെ ട്യൂബില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാകും.

ജെല്‍ രൂപത്തിലും ഫോം രൂപത്തിലും ഫേസ് വാഷ് ഉണ്ട്. രണ്ടും നല്ലതാണെങ്കിലും ഫോം രൂപത്തിലുളളതാണ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. ഇവയാണ് ചര്‍മവുമായി കൂടുതല്‍ യോജിക്കുന്നതും. സൂഗന്ധം കൂടുതലുളളത് വാങ്ങാതിരിക്കുന്നതാണ് നല്ലത്. ഇവയില്‍ അലര്‍ജിക്കു സാധ്യതയുളള രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടാകും.

Advertising
Advertising

മുഖം കഴുകിയിട്ടു വേണം ഫേസ് വാഷ് പുരട്ടാന്‍. മുകളിലേക്ക് വളരെ മൃദുവായി മസാജ് ചെയ്യുക. ഒരു മിനിറ്റ് വരെ ഇങ്ങനെ ചെയ്യാം. തുടര്‍ന്ന് തണുത്ത വെളളം ഉപയോഗിച്ച് കഴുകി കളയുക. ശേഷം നല്ല ഉണങ്ങിയ തുണി കൊണ്ട് മുഖം ഒപ്പിയെടുക്കുക. ശക്തിയായി അമര്‍ത്തി തുടയ്ക്കേണ്ട ആവശ്യമില്ല. കാലാവധി തീര്‍ന്ന ഫേസ് വാഷ് ഒരു കാരണവശാലും ഉപയോഗിക്കരുത്.

മരുന്നുകള്‍ അടങ്ങിയ ഫേസ് വാഷുകളും ഉണ്ട്. മുഖക്കുരു, എണ്ണമയമുളള ചര്‍മം എന്നീ പ്രശ്നങ്ങള്‍ക്കായാണ് ഈ ഫേസ് വാഷുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുളളത്. ഇവ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമല്ലാതെ ഉപയോഗിക്കരുത്.

Tags:    

Similar News